ജലന്ധർ: കർഷക സമരം തീരുമാനമാകാതെ തുടരുന്നതിനിടെ സമരനേതാവിന് എൻഐഎയുടെ നോട്ടീസ്. സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിംഗ് സിർസയ്ക്കാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി നോട്ടീസ് അയിച്ചിരിക്കുന്നത്.
എൻഐഎയുടെ നടപടി കർഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണെന്ന് സിർസ ആരോപിച്ചു.
കർഷക സമരവുമായി ബന്ധപ്പെട്ട മറ്റു പന്ത്രണ്ടുപേർക്കും എൻഐഎ നോട്ടീസയച്ചിട്ടുണ്ട്.
നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ നിയമോപദേഷ്ടാവ് ഗുർപ്രധ്വന്ത് സിംഗ് പന്നുനും കൂട്ടാളികൾക്കുമെതിരേ രാജ്യദ്രോഹം, കുറ്റകരമായ ഗൂഡാലോചന എന്നിവയ്ക്കടക്കം യുഎപിഎ പ്രകാരം കഴിഞ്ഞമാസം 15ന് രജിസ്റ്റർ ചെയ്ത കേസ് പ്രകാരമാണ് നോട്ടീസ് എന്നാണ് എൻഐഎ അറിയിച്ചിരിക്കുന്നത്.
കേസിൽ സാക്ഷികളാക്കി, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദേശം. ഞായറാഴ്ച ഹാജരാകാനാണ് സിർസയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട കേസിൽ സാക്ഷിയായാണ് ഇദ്ദേഹത്തെയും വിളിപ്പിച്ചിരിക്കുന്നത്. സമാനമായി മറ്റു നാലുപേർക്ക് നോട്ടീസയച്ച സംഭവം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറും കർഷരും തമ്മിൽ നടന്ന ഒന്പതാംവട്ട ചർച്ചയിൽ ഉന്നയിച്ചിരുന്നു.
ഈ ചർച്ചയ്ക്കു പിന്നാലെയാണ് കൂടുതൽപേർക്ക് നോട്ടീസ് ലഭിച്ചത്.
ലോക് ഭലായി ഇൻസാഫ് വെൽഫെയർ സൊസൈറ്റിയുടെ പ്രസിഡന്റാണ് ബൽദേവ് സിംഗ് സിർസ. കർഷകരെ പ്രതിനിധീകരിച്ച് കേന്ദ്രസർക്കാരുമായി നടക്കുന്ന ചർച്ചകളിൽ ഈ സംഘടനയും പങ്കെടുക്കുന്നുണ്ട്.
അടുത്ത ചർച്ച 19ന് നടക്കും. ഇന്നലെ നടന്ന ചർച്ച 120 ശതമാനം പരാജയമായിരുന്നെന്ന് ഓൾ ഇന്ത്യ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി അഗം ഡോ. ദർശൻ പാൽ പറഞ്ഞു. 26ന് നടത്താൻ തീരുമാനിച്ചിട്ടുള്ള ട്രാക്ടർ റാലിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.