സ്വന്തം ലേഖകന്‍
കോഴിക്കോട്: പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ വിശദമായ അന്വേഷണം അടുത്തമാസത്തോടെ ആരംഭിക്കുമെന്ന് എന്‍ഐഎ. സംസ്ഥാന സര്‍ക്കാര്‍ കേസ് കൈമാറിയ സാഹചര്യത്തില്‍ എന്‍ഐഎ കൊച്ചി യൂണിറ്റ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേസ് ഫയലുകള്‍ വിശദമായി പരിശോധിച്ച ശേഷം അന്വേഷണം അടുത്ത മാസത്തോടെ ആരംഭിക്കുമെന്ന് എന്‍ഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്പി വിജയന് ‘രാഷ്ട്രദീപിക’യോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോടെത്തി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന് മുഹമ്മദ്, താഹ ഫസല്‍ എന്നിവരുടെ വീടുകളില്‍ നിന്ന് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇവയുള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ച ശേഷം എന്‍ഐഎ അന്വേഷണം ആരംഭിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുള്ള തെളിവുകള്‍ എന്‍ഐഎ കോടതിയിലേക്ക് കൈമാറുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
അതേസമയം അറസ്റ്റിലായ യുവാക്കളുടെ കുടുംബം ജാമ്യഹര്ജിയ്ക്കായി ഹൈകോടതിയെ സമീപിച്ചിരുന്നു. എന്‍ഐഎ കോടതി കേസ് ഏറ്റെടുത്ത സാഹചര്യത്തില്‍ എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് വിവരം. സംസ്ഥാനത്തിനകത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സജീവമാണെന്നും യുവാക്കള്‍ക്കും മുഖ്യാധാര രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ക്കും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.
നവംബര്‍ രണ്ടിനാണ് സിപിഎം പ്രവര്‍ത്തകരായ അലന്മുഹമ്മദ്, താഹഫസല്‍ എന്നിവരെ സംശയാസ്പദമായ സാഹചര്യത്തില്‍ പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആള് പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരുടേയും കൈയിലുള്ള ബാഗുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസിന് വ്യക്തമായത്.
തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും മറ്റും കണ്ടെത്തി. ഇതോടെ ഇരുവര്‍ക്കുമെതിരേ യുഎപിഎ ചുമത്തി കേസെടുക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്നത് പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി ഒടോംമ്പറ്റ മേലേതില്‍ ഉസ്മാനാണെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. തൃശൂര്‍ , വയനാട്, മലപ്പുറം ജില്ലകളിലായി ഉസ്മാന്റെ പേരില്‍ അഞ്ച് യുഎപിഎ കേസുകളുണ്ട്. മറ്റു കേസുകളിലും ഇയാള്‍ പ്രതിയാണ്. ഇയാള്‍ക്കെതിരേ ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.