ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരേ പിടിമുറുക്കി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഇന്നും പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപക റെയ്ഡ് നടക്കുകയാണ്.
ഉത്തർപ്രദേശ്, കര്‍ണാടക, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി അടക്കമുള്ള എട്ടു സംസ്ഥാനങ്ങളിലിലാണ് രണ്ടാം ഘട്ട റെയ്ഡ് നടക്കുന്നത്.
അതതു സംസ്ഥാനത്തെ പോലീസാണ് റെയ്ഡ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ നടന്ന റെയ്ഡില്‍ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാന പോലീസിനു കൈമാറിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് തുടരുന്നത്.
നിരവധി നേതാക്കളെ അറസ്റ്റു ചെയ്തിട്ടുണ്ട്. കർണാടകയിൽ മാത്രം 45 പേർ പിടിയിലായി. മഹാരാഷ്ട്രയിലെ പൂനെയിൽനിന്ന് ആറു പേരെ അറസ്റ്റ് ചെയ്തു.
അസമിലെ നഗർബേരയിൽ പത്തു പേർ പിടിയിലായിട്ടുണ്ട്. ഡൽഹിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. ബിജെപി ഓഫീസിനു ബോംബെറിഞ്ഞ കേസിൽ തമിഴ്നാട്ടിൽ ഒരാൾ പിടിയിലായിട്ടുണ്ട്.
നിരവധി പേർ കരുതൽ തടങ്കിലാണെന്നും റിപ്പോർട്ടുകളുണ്ട്.കഴിഞ്ഞ വ്യാഴാഴ്ച എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 100-ലധികം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. 15 സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളിലാണ് അന്ന് റെയ്ഡ് നടന്നത്.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ: സംസ്ഥാനമൊട്ടാകെ 1404 പേർ അറസ്റ്റിൽ
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട ് ആഹ്വാനം ചെയ്ത ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ 1404 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.
309 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. 834 പേരെ കരുതൽ തടങ്കലിലാക്കിയെന്നും പോലീസ് വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾ രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് കഴിഞ്ഞ 23നായിരുന്നു ഹർത്താൽ.