തിരുവനന്തപുരം: കോയന്പത്തൂർ, മംഗലാപുരം സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎയുടെ റെയ്ഡ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു (ഐഎസ്ഐഎസ്) മായി ബന്ധമുള്ളവരെന്നു സംശയിക്കുന്നവരെ കണ്ടെത്താനാണ് റെയ്ഡ്.
ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. അറുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. കര്‍ണാടകയിൽ മാത്രം 45ലധികം സ്ഥലങ്ങളിൽ ഭീകരവിരുദ്ധ ഏജന്‍സിയുടെ റെയ്ഡ്.
കേരളത്തിൽ മംഗലാപുരം സ്ഫോടനക്കേസിലെ പ്രതി എത്തിയ സ്ഥലങ്ങളിലാണു പരിശോധന. ആലുവ, പറവൂർ, മട്ടഞ്ചേരി എന്നിവിടങ്ങളിലാണു പരിശോധന നടക്കുന്നത്.
കോയന്പത്തൂർ സ്ഫോടനത്തിൽ ചാവേറായി കൊല്ലപ്പെട്ട ജമേഷ മുബിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നാണ് ലഭിക്കുന്ന വിവരം.
ഒരേ സമയത്ത് ആരംഭിച്ച പരിശോധനയിൽ എൻഐഎയുടെ വിവിധ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകുന്നത്.
കോയന്പത്തൂരിലെ ഉക്കടത്തെ ഒരു ക്ഷേത്രത്തിന് സമീപം കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലുണ്ടായ സിലിണ്ട ർ സ്ഫോടനത്തിലാണ് ജമേഷ മുബിൻ എന്നയാൾ കൊല്ലപ്പെട്ടത്.
ഇയാൾ ചാവേറായി സ്ഫോടനം നടത്തുകയായിരുന്നുവെന്ന് എൻഐഎയുടെ അന്വേഷണത്തിൽ കണ്ടെ ത്തിയിരുന്നു.
ഇയാളുമായി ബന്ധം പുലർത്തിയിരുന്നവരുടെ വിവരങ്ങൾ എൻഐഎ നേരത്തെ ശേഖരിച്ചിരുന്നു.
പലരും നിരീക്ഷണത്തിലുമായിരുന്നു. ഇയാളുടെ ഭാര്യയിൽ നിന്നും എൻഐഎ സംഘം മൊഴി ശേഖരിച്ചിരുന്നു. റെയ്ഡ് സംബന്ധിച്ച കുടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.