തൃക്കരിപ്പൂർ: പോപ്പുലർ ഫ്രണ്ട് കാസർഗോഡ് ജില്ല പ്രസിഡന്റായിരുന്ന സി.ടി. സുലൈമാന്റെ സഹോദരങ്ങളുടെ വീടുകളിൽ ദേശീയ അന്വേഷണ ഉദ്യോഗസ്ഥരുടെ പരിശോധന. ഇന്നുരാവിലെ 6.30 മുതൽ ആരംഭിച്ച പരിശോധന 10 വരെ നീണ്ടു.
മെട്ടമ്മൽ ബീച്ച് റോഡിലുള്ള സഹോദരിയുടെ വീട്ടിലാണു രാവിലെ 6.30ന് രണ്ടു വാഹനങ്ങളിലായാണു കേന്ദ്ര സേനാംഗങ്ങൾക്കൊപ്പം എൻഐഎ ഉദ്യോഗസ്ഥർ എത്തിയത്.
വീട്ടുകാരുമായി ഒരു മണിക്കൂറോളം സംസാരിച്ച സംഘം ഉടുമ്പുന്തല മസ്ക്കറ്റ് റോഡിലെ സഹോദരന്റെ വീട്ടിലെത്തി പരിശോധന നടത്തി.
കഴിഞ്ഞ വർഷം സെപ്റ്റംബർ 22ന് പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റായ സി.ടി. സുലൈമാനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ദേശീയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
അന്നു പുലർച്ചെ നാലിന് സുലൈമാന്റെ മെട്ടമ്മലിലെ വീട്ടിലും കാസർഗോഡ് പെരുമ്പള പാലത്തിനു സമീപം പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു.
ഇന്നു രാവിലെ മുതൽ നടന്ന പരിശോധനയുടെ വിശദാംശങ്ങൾ വെളിവായാട്ടില്ല. ലോക്കൽ പോലീസിനെ പോലും അറിയിക്കാതെയാണ് എൻഐഎ സംഘം മെട്ടമ്മലിലും ഉടുമ്പുന്തലയിലുമെത്തിയത്.