ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ റാണയ്ക്ക് കൊച്ചിയിലടക്കം ആരൊക്കെ സഹായം നല്കി എന്നതിനെക്കുറിച്ച് എൻഐഎ അന്വേഷിക്കുന്നു. 2008 നവംബർ 16ന് റാണ കൊച്ചിയിൽ ഉണ്ടായിരുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു നേരത്തെ ലഭിച്ചിരുന്നു. ആഡംബര ഹോട്ടലിൽ താമസിച്ച റാണ, നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയെന്നാണു വിവരം. ഭീകരരെ റിക്രൂട്ട് ചെയ്യാനാണു റാണ കൊച്ചിയിൽ എത്തിയതെന്നാണ് എൻഐഎ കരുതുന്നത്.
അതിനിടെ, റാണയെയും മുഖ്യപ്രതി ഹെഡ് ലിയെയും ഇന്ത്യയിൽ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിർദേശപ്രകാരമാണ് ഹെഡ് ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള് മൊഴി നൽകി. റാണയ്ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡൽഹിയിലെത്തിച്ചു. തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്. ഇന്നലെ മൂന്നുമണിക്കൂർ റാണയെ ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിനോട് റാണ പൂർണമായും സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ് റാണ തുടരുന്നത്. കുടുംബത്തെക്കുറിച്ചും സുഹൃത്തുകളെക്കുറിച്ചും ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നൽകാൻ റാണ തയാറായില്ല. 12 അംഗ എൻഐഎ സംഘമാണ് തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ അന്വേഷണ ഉദ്യോഗസ്ഥർ കാമറയിൽ റെക്കോർഡ് ചെയ്യുന്നുണ്ട്. എൻഐഎയ്ക്ക് പുറമേ മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളും റാണയെ ചോദ്യം ചെയ്യാനായി അനുമതി തേടിയിട്ടുണ്ടെന്നാണ് വിവരം.