സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായതു നാഗാലാന്‍ഡിലേക്കു കടക്കാനുള്ള നീക്കത്തിനിടെയെന്നു സൂചന.
ബംഗളുരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ സ്വപ്നയുടെ മകളുടെ ഫോണ്‍ പിന്തുടര്‍ന്ന് എന്‍ഐഎ ഇവരെ പിടികൂടുകയായിരുന്നു.
പ്രതികളില്‍നിന്നു പാസ്‌പോര്‍ട്ടും രണ്ടു ലക്ഷം രൂപയും എന്‍ഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴോടെ പിടിയിലായ ഇരുവരെയും ഞായറാഴ്ച പുലര്‍ച്ചെ വരെ ചോദ്യംചെയ്തു. ഇതിനുശേഷം പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
ബംഗളുരുവിലെത്തിയ സ്വ്പയും സംഘവും ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്.
എന്നാല്‍ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തില്‍ കഴിഞ്ഞദിവസം കോറമംഗലയിലെ ഹോട്ടലിലേക്ക് മാറുകയായിരുന്നു. ഇവിടെനിന്നാണ് എന്‍ഐഎ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.
മകളുടെ ഫോണ്‍ കേന്ദ്രീകരിച്ച അന്വേഷണങ്ങളാണ് സ്വപ്നയെ കുരുക്കിയത്. ശനിയാഴ്ച ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയതില്‍നിന്നും ലഭിച്ച സൂചന എന്‍ഐഎ ഹൈദരാബാദ് യൂണിറ്റിനു കൈമാറുകയും ഇവരെ വലയിലാക്കുകയുമായിരുന്നു എന്നാണു വിവരം.
ഫോണ്‍ ഉള്‍പ്പെടെ പിന്തുടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന ഒന്നും കൈയില്‍ കരുതാതെയായിരുന്നു സ്വപ്ന യാത്ര ചെയ്തിരുന്നത്. എന്നാല്‍ മകള്‍ ഉപയോഗിച്ച ഫോണ്‍ ഇവര്‍ക്ക് കുരുക്കാകുകയായിരുന്നു.
മാധ്യമങ്ങളിലൂടെ പുറത്തു വന്ന ശബ്ദ സന്ദേശം കേന്ദ്ര ഇന്റലിജന്‍സിന് ഇവരെ പിന്തുടരാന്‍ സഹായകമായെന്നും സൂചനയുണ്ട്.
ബംഗളുരുവിലേക്കുള്ള യാത്രയില്‍ സ്വപ്നയ്‌ക്കൊപ്പം ഭര്‍ത്താവും മക്കളും പ്രതി സന്ദീപുമുണ്ടായിരുന്നു. ഇവര്‍ താമസിക്കാന്‍ എത്തിയ കോറമംഗലയിലെ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് എന്‍ഐഎയെ അറിയിച്ചിരുന്നു.
തുടര്‍ന്നാണ് ഇവിടെയെത്തിയ സംഘം ഹോട്ടലിലുള്ളത് സ്വപ്നയും സംഘവും തന്നെയെന്ന് ഉറപ്പാക്കി പിടികൂടിയത്.