കോഴിക്കോട്: നയതന്ത്രബാഗേജ് വഴി എത്തിച്ച മതഗ്രന്ഥത്തിനൊപ്പം സ്വര്‍ണവും കടത്തിയിട്ടുണ്ടെന്ന സംശയത്തില്‍ ഉറച്ച് എന്‍ഐഎ.
മതഗ്രന്ഥങ്ങളുടെ എണ്ണവും അതിന്റെ തൂക്കവും തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ സ്വര്‍ണം കടത്തിയതായി സംശയിക്കുന്നത്.
അതേസമയം, തൂക്കത്തിലെ 20 കിലോയോളം വരുന്ന വ്യത്യാസം പായ്ക്കിംഗ്കേയ്സ് ഒഴിവാക്കിയതിനാലാണെന്നു വിവിധ മേഖലകളില്‍നിന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
എങ്കിലും ഇക്കാര്യം വിശദമായി എന്‍ഐഎ പരിശോധിക്കും. തൂക്കത്തിലെ വ്യത്യാസം നേരത്തെതന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു.
ഇതു സംബന്ധിച്ച് എന്‍ഐഎയെയും എന്‍ഫോഴ്സ്മെന്റ് അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്തത്.
സാഹചര്യങ്ങള്‍ വച്ചു മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം എത്തിച്ചതായുള്ള സംശയമാണ് ഇപ്പോഴുള്ളത്. സ്വര്‍ണം കടത്തിയെന്നതിനു കൃത്യമായ തെളിവ് ഇതുവരെ എന്‍ഐഎയ്ക്കു ലഭിച്ചിട്ടില്ല.
ഇതില്‍ വ്യക്തത വരുത്താനാണ് അന്വേഷണം അടുത്ത ഘട്ടത്തിലേക്കു നീങ്ങിയിരിക്കുന്നത്. നയതന്ത്ര പാഴ്സല്‍ വഴി എത്തിച്ച മുഴുവന്‍ ഖുര്‍ആന്‍ കോപ്പികളും എടപ്പാളിലും ആലത്തിയൂരിലും മതസ്ഥാപനങ്ങളിലുണ്ടെന്നാണ് പറയുന്നത്.
ഇവിടെയെത്തി ഇതു വീണ്ടും പരിശോധിക്കും. അതേസമയം. സി ആപ്റ്റിലെ ജീവനക്കാര്‍ പാര്‍സല്‍ പൊട്ടിച്ച് ഖുര്‍ആന്റെ 24 കോപ്പികള്‍ എടുത്തിരുന്നു.
എന്നാല്‍, മന്ത്രിയുടെ ഈ വാദത്തിനെതിരേ മുസ്ലിം യൂത്ത്ലീഗ് ഉള്‍പ്പെടെ രംഗത്തെത്തി. തൂക്കത്തിലെ വ്യത്യാസം മറികടക്കാനാണ് ഖുര്‍ ആന്റെ കോപ്പികള്‍ ജീവനക്കാര്‍ എടുത്തുവെന്നു മാറ്റിപ്പറയുന്നതെന്നാണ് യൂത്ത്ലീഗ് ആരോപണം.
കോണ്‍സുലേറ്റ് വഴി വന്ന പാര്‍സലുകളില്‍ മന്ത്രിയുടെ വിശദീകരണം വച്ചു നോക്കുമ്പോള്‍ 20 കിലോഗ്രാമിന്റെ കുറവുണ്ട്. ഇതു സ്വര്ണമാണോയെന്നാണ് സംശയിക്കുന്നതെന്നും യൂത്ത് ലീഗ് പറയുന്നു.
മന്ത്രി താന്‍ പറഞ്ഞതു ശരിയാണെന്നു സ്ഥാപിക്കാന്‍ ജീവനക്കാര്‍ കൊണ്ടുപോയെന്നു പറയുന്ന മതഗ്രന്ഥങ്ങള്‍ തെളിവായി ഹാജരാക്കേണ്ടി വരും.
ഇതു സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ക്കായി ഇന്നു രാവിലെ എന്‍ഐഎ സംഘം സിആപ്റ്റിലും എത്തി.
ഇതിനിടെ, അന്വേഷണ ഘട്ടത്തില്‍ ആവശ്യമെങ്കില്‍ മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
മന്ത്രിയും യുഎഇ കോണ്‍സുലേറ്ററും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങളെ കുറിച്ചും എന്‍ഐഎ പരിശോധിക്കുന്നുണ്ട്.
വാട്സ് ആപ്പ് വഴി യുഎഇ കോണ്സുലേറ്ററുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
ഇതിനു പുറമേ നയതന്ത്ര പാഴ്സല്‍ വഴി എത്തിച്ച ഈന്തപ്പഴ വിതരണത്തെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ വിശദമായി അന്വേഷിച്ചുവരികയാണ്.
ഈന്തപ്പഴം എവിടെക്കെ എത്രഅളവില്‍ വിതരണം ചെയ്തെന്ന കണക്ക് ഇതുവരെ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭ്യമാക്കിയിട്ടില്ല.
എന്നാല്‍, വിതരണം ചെയ്തതിന്റെ ഭാരം സംബന്ധിച്ചു കൃത്യമായ കണക്കില്ലെന്നും പറയുന്നു.
ഇതിനിടെ, നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയിട്ടുണ്ടാകാമെന്ന മന്ത്രി കെ.ടി. ജലീലിന്റെ അഭിപ്രായം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി.
സ്വര്‍ണം കടത്തിയിട്ടുണ്ടാകാമെന്നും എന്നാല്‍ തനിക്ക് അതില്‍ മനസറിവില്ലെന്നുമാണ് മന്ത്രി ഇന്നലെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇതോടെ, മന്ത്രിക്കെതിരേ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷസംഘടനകള്‍.