കോയമ്പത്തൂർ: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി (ഐഎസ്) ന്റെ പുതിയ ഗ്രൂപ്പ് സ്ഥാപിക്കാൻ നീക്കം നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചെന്നൈയിലും കോയമ്പത്തൂരിലും നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) യുടെ റെയ്ഡ്. കോയമ്പത്തൂരില്‍ ഇരുപത്തിമൂന്നും ചെന്നൈയില്‍ മൂന്നിടത്തുമാണ് പരിശോധന. കോയമ്പത്തൂരിൽ ഡിഎംകെ വനിത കൗണ്‍സിലറുടെ വീട്ടിലും റെയ്ഡ് നടന്നു.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു പരിശീലനം നൽകാൻ പദ്ധതിയിട്ടിരുന്നതായും എൻഐഎ അറിയിച്ചു. ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തതായാണു വിവരം.
കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദ് പിടിയിലായിരുന്നു.
ഇയാളിൽനിന്ന് നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചതായാണു വിവരം. ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക, ക്രിസ്തീയ പണ്ഡിതനെ അപായപ്പെടുത്തുക, തൃശൂര്‍- പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുക തുടങ്ങിവയ്ക്ക് നബീലിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായാണ് റിപ്പോർട്ട്.
ഖത്തറില്‍വച്ചാണ് നബീല്‍ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിക്കുന്നത്. ഇവരുടെ സഹായത്തോടെയാണ് കേരളത്തിൽ ഭീകരസംഘം രൂപീകരിക്കാൻ ശ്രമം നടത്തിയത്.