കൊച്ചി: ലോകത്തെ അത്യാഡംബര യാത്രാ ഹെലികോപ്റ്റര്‍ എച്ച് 145 എയര്‍ബസ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്കു സ്വന്തം.
ആഗോളതലത്തിൽ 1,500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള, ജര്‍മനിയിലെ എയര്‍ബസ് കമ്പനി നിര്‍മിച്ച ഹെലികോപ്ടര്‍ കൊച്ചിയില്‍ പറന്നിറങ്ങി.
നാലു ലീഫുകളാണ് ഈ ഹെലികോപ്റ്ററിനുള്ളത്. ഒരേസമയം രണ്ടു ക്യാപ്റ്റന്മാര്ക്കു പുറമെ ഏഴുയാത്രക്കാര്ക്കും സഞ്ചരിക്കാം.
785 കിലോവാട്ട് കരുത്തുനല്കുന്ന രണ്ടു സഫ്രാന്‍ എച്ച്ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എന്ജിന് മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കും.
20,000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാം. ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുവപ്പുനിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്.
2021 ഏപ്രില്‍ 11ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ചതുപ്പില്‍ വീണ് അപകടം സംഭവിച്ചിരുന്നു.
രണ്ടു പൈലറ്റുമാര്‍ക്ക് പുറമെ എം.എ. യൂസഫലിയും ഭാര്യയും അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന നാലുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇറ്റാലിയന്‍ കമ്പനി അഗസ്റ്റാ വെസ്റ്റ്ലാന്റിന്റെ VT -YMA ഹെലികോപ്റ്ററായിരുന്നു അന്ന് അപകടത്തില്‍പ്പെട്ടത്.