ജീവിത സാഹചര്യങ്ങളെ പഴിച്ച് നൊന്തുപെറ്റ കുഞ്ഞുങ്ങളെ, ചിലപ്പോള്‍ ചോരമണം മാറുന്നതിന് മുമ്പ് പോലും അനാഥത്വത്തിലേയ്ക്ക് തള്ളിവിടുന്ന മാതാപിതാക്കളുടെ മനസാക്ഷിയില്ലാത്ത പ്രവര്‍ത്തി കാണാറുണ്ട്. അടുത്ത കാലത്തായി ഈ പ്രവണത കൂടുതലുമാണ്. എന്നാല്‍ മനസാക്ഷിയ്ക്ക് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ നസിലാക്കുന്നില്ല, എത്ര വിലയേറിയ, എത്ര മികച്ച ഭാവിയുള്ള കുഞ്ഞിനെയാണ് തങ്ങള്‍ കറിവേപ്പില പോലെ തള്ളിക്കളയുന്നതെന്ന്.
സമാനമായ രീതിയില്‍ ഒരു സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ് നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ എംപിയായ നിക്കോളാസ് സാമുവല്‍ ഗുഗ്ഗര്‍ എന്ന വ്യക്തിയുടേത്. അവിശ്വസനീയമാണ് നിക്കിന്റെ ജീവിതകഥ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ മലയാളിയായ ബ്രാഹ്മണസ്ത്രീ ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ ജര്‍മ്മന്‍ ദമ്പതികള്‍ ദത്തെടുത്തതോടെയാണ് ആ കുഞ്ഞ് അവിശ്വസനീയമായ നിലയില്‍ എത്തിച്ചേര്‍ന്നത്.
ഏതെങ്കിലും അനാഥമന്ദിരത്തില്‍ എത്തിച്ചേരേണ്ട ജീവിതം കീഴ്മേല്‍ മറിഞ്ഞ് സ്വിസ് പാര്‍ലമെന്റിലെ എംപി കസേര വരെ എത്തിച്ചു. സ്വിറ്റ്സര്‍ലാന്‍ഡിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ എംപിയായി പാര്‍ലമെന്റിലെത്തിയ ഇന്ത്യന്‍ വംശജനായ ആദ്യത്തെ സ്വിസ് എംപിയാണ് നിക്ക്.
ഒരിക്കലും ജീവിതത്തില്‍ നേരിട്ടുകണ്ടിട്ടില്ലെങ്കിലും, അമ്മ മലയാളിയായ ഒരു സ്ത്രീയാണെന്ന് നിക്കിന് അറിയാം. എന്നാല്‍ അച്ഛനെ കുറിച്ച് ഒരറിവും നിക്കിന് ഇല്ല. 1970 മെയ് ഒന്നിന് രാത്രി 1.20 ന് ഉഡുപ്പിയിലെ ലെംബാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു ജനനം. അമ്മയെക്കുറിച്ച് കേട്ടറിഞ്ഞ വിവരം മാത്രം. ‘ ഇവനെ നന്നായി നോക്കുന്ന ഒരു കുടുംബത്തെ ഏല്‍പ്പിക്കണം’ എന്ന അഭ്യര്‍ത്ഥനയോടെ കുഞ്ഞിനെ വനിതാ ഡോക്ടര്‍ ഫ്ളൂക്ഫെല്ലിനെ എല്പ്പിച്ച ശേഷം അനസൂയ എന്ന സ്ത്രീ ആശുപത്രിയില്‍നിന്നും മടങ്ങുകയായിരുന്നു.
തലശ്ശേരിയില്‍ നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനില്‍ പഠിപ്പിച്ചിരുന്ന ജര്‍മ്മന്‍ സ്വദേശികളായ എന്‍ജിനീയര്‍ ഫ്രിറ്റ്സും ഭാര്യ എലിസബത്തും മലേറിയക്കു ചികിത്സ തേടി ലെംബാര്‍ഡ് ആശുപത്രിയിലെത്തിലെത്തിയതാണ് നിക്കിന്റെ തലവര മാറ്റിയത്. അവര്‍ അവിടെ നിന്നു ദത്തെടുത്തു. അമ്മ തിരികെയെത്തുമോയെന്നു 2 വര്‍ഷം കാത്തിരുന്നു.
പിന്നീട്, ഫ്രിറ്റ്സും എലിസബത്തും മലയാളം പത്രങ്ങളില്‍ പരസ്യം നല്കി. അനസൂയ പക്ഷേ, വന്നില്ല. ആ പരസ്യം നിക് ഇന്നും സൂക്ഷിക്കുന്നു. നിക്കോളസ് സാമുവല്‍ ഗുഗ്ഗര്‍ എന്ന പേരുമായി പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യനായി അവന് വളര്‍ന്നു. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ എംപിയായി. ‘ബ്രാഹ്മണനു വന്ന പരിണാമം നോക്കൂ’ എന്നാണ് നിക്ക് ഇതിനെ തമാശരൂപേണെ പറയുന്നത്.
തലശ്ശേരി ജീവിതത്തിനു ശേഷം ഫ്രിറ്റ്സും എലിസബത്തും സ്വിറ്റ്സര്‍ലന്‍ഡിലെ ഥൂണ്‍ എന്ന ചെറു പട്ടണത്തിലേക്കു മടങ്ങി. അവര്‍ക്കു 2 പെണ്‍കുട്ടികളും ജനിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയശേഷം സൈക്കോളജിയിലും മാനേജ്മെന്റ് ആന്‍ഡ് ഇന്നവേഷനിലും ഉപരിപഠനം നടത്തിയ നിക് ഇപ്പോള്‍ മാനേജ്മെന്റ് ആന്‍ഡ് ഇന്നൊവേഷനില്‍ അറിയപ്പെടുന്ന പ്രഭാഷകനും വ്യവസായ സംരംഭകനുമാണ്.
വിവാഹം ചെയ്തത് സ്വിറ്റ്സര്‍ലന്‍ഡുകാരി ബിയാട്രീസിനെ. ആദ്യത്തെ മകള്‍ക്ക് പേരിട്ടതാകട്ടെ, അനസൂയ എന്നും. 2 ആണ്‍കുട്ടികളും പിറന്നു. തന്റെ ജീവിതകഥ പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ നിക്ക്. കൂടാതെ തന്റെ ഇരുപത്തഞ്ചാം വിവാഹവാര്‍ഷികം കേരളത്തില്‍ വന്ന് ആഘോഷിക്കണമെന്നും നിക്കിന് ആഗ്രഹമുണ്ട്.