സ്വന്തം ജീവിതവും അതിലൂടെ കിട്ടിയ സൗഭാഗ്യങ്ങളും എപ്രകാരം ചെലവഴിക്കണമെന്നറിയാത്തവരാണ് ഇന്നധികവും. എന്നാല്‍ കഴിവുകളേറെയുണ്ടായിട്ടും സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും ഒരുപോലെ നശിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ നിക്കി മിനാജിന്റെ പേരില്ല. പിങ്ക് ഫ്രൈഡേ ഉള്‍പ്പടെയുള്ള ആല്‍ബങ്ങളിലൂടെയും വ്യത്യസ്തമായ വേഷവിധാനത്തിലൂടെയും അമേരിക്കയുടെ ഹൃദയം കവര്‍ന്ന ഗായിക നിക്കി മിനാജിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അമേരിക്കയില്‍ ഹിറ്റ് ചാര്‍ട്ടില്‍ പലതവണ ഒന്നാമതെത്തിയ ആല്‍ബങ്ങളുടെ സ്രഷ്ടാവ് ഇപ്പോള്‍ അനുകരണീയമായ ഒരു മാതൃകയിലൂടെ ഇന്ത്യയുടെ ഹൃദയത്തിലും ഇടംനേടിയിരിക്കുന്നു. സ്നേഹത്തിന്റെയും അനുകമ്പയുടെയും നന്മയുടെയും ഉദാത്തമായ ഒരു മാതൃക. പ്രശസ്തിയുടെ ഉയരങ്ങളില്‍ നില്ക്കുന്ന നിക്കി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയിലെ അറിയപ്പെടാത്ത ഒരു ഗ്രാമത്തെ സാമ്പത്തികമായി സഹായിച്ചു വരികയാണ്. ജല ദൗര്‍ലഭ്യമുണ്ടായിരുന്ന ഗ്രാമത്തില്‍ ഇന്നു ശുദ്ധജലമുണ്ട്. പ്രാര്ഥനാലയമുണ്ട്. എന്തിനേറെ പറയുന്നു, സാങ്കേതികവിദ്യ വശമാക്കാന്‍ കംപ്യൂട്ടര്‍ സെന്റര്‍ പോലും ഇന്നീ ഗ്രാമത്തിലുണ്ട്. സ്വയം പര്യാപ്തമായ ഒരു സുന്ദരഗ്രാമമായി ഇവിടം മാറിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ ദിവസം നിക്കി ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ഈ കാരുണ്യപ്രവൃത്തി ലോകം അറിഞ്ഞത്. ഗ്രാമത്തില്‍ പുതുതായി സ്ഥാപിച്ച ഒരു ശുദ്ധജല പൈപ്പ് പ്രവര്ത്തിപ്പിക്കുന്നയാളും ചുറ്റും തടിച്ചുകൂടിയ ഗ്രാമീണരുമാണ് വീഡിയോയില്‍. എനിക്ക് ഏറെ അഭിമാനം തോന്നുന്ന നിമിഷമാണിത്. നിക്കി എഴുതുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ അയച്ചുകൊടുത്ത സമ്പാദ്യംകൊണ്ട് ഒരു ഗ്രാമത്തിന്റെ മുഖഛായ മാറിയിരിക്കുന്നു. അവരുടെ ജീവിതം മെച്ചപ്പെട്ടിരിക്കുന്നു. വായനശാല, തയ്യല്‍സ്ഥാപനം എന്നിവയും ഗ്രാമത്തിലുണ്ട്. അഭിമാനിക്കാവുന്ന നേട്ടം. അപര്യാപ്തതകളെക്കുറിച്ച് അറിയുമ്പോള്‍ പലപ്പോഴും നമ്മള് പരാതി പറയുന്നു. പരിഹാസ്യമല്ലേ അത്. ഇന്ത്യയ്ക്ക് എന്റെ അനുഗ്രഹങ്ങള്‍. ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ക്കും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. താല്പര്യമുണ്ടെങ്കില് ഭാവിയില്‍ ഞാന്‍ ഏറ്റെടുത്തുനടത്തുന്ന കാരുണ്യപ്രവൃത്തികളെക്കുറിച്ച് നിങ്ങളെ അറിയിക്കാം. ഇന്ത്യയില്‍ ഏതു സംസ്ഥാനത്തെ ഗ്രാമത്തിനാണു നിക്കി സഹായം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
ഏതാനും സ്ത്രീകളുടെ കൂട്ടായ്മയുടെ ചിത്രവും റാപ് സംഗീതത്തിലൂടെ അമേരിക്കയെ കോരിത്തരിപ്പിച്ച നിക്കി പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിക്കി വ്യക്തമാക്കുന്നതിതാണ്. ദൈവം എത്രയോ മഹാന്. ഇന്ത്യയിലെ എന്റെ സഹോദരിമാരെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു. വളരെക്കുറച്ച് ആഗ്രഹങ്ങളെ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ഏതൊരു മനുഷ്യനും ആവശ്യമായ അടിസ്ഥാന ആവശ്യങ്ങള്‍. അവ പരിഹരിക്കുന്നതിനാണു ഞാന്‍ പരിശ്രമിച്ചത്. ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. ഈ സ്ത്രീകള്‍ ഞങ്ങളാണ്. ഞങ്ങള്‍ ഈ സ്ത്രീകളും. ഈ മാസം ആദ്യം മറ്റൊരു കാരുണ്യപദ്ധതിയും നിക്കി പ്രഖ്യാപിച്ചിരുന്നു. തന്റെ ആരാധകരുടെ മക്കളുടെ വിദ്യാഭ്യാസ വായ്പയും ട്യൂഷന് ഫീസും തിരിച്ചടച്ച് അവരെ സഹായിക്കുന്ന പദ്ധതി. ലോകം തന്ന പ്രശസ്തിയും പണവും അത് തന്നവര്‍ക്കു തന്നെ തിരിച്ചുകൊടുക്കുകയാണ് നിക്കി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നിക്കിയെപ്പോലുള്ള സെലിബ്രിറ്റികളില്‍ കുറച്ചുപേരെങ്കിലും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ എത്ര പണ്ടേ നമ്മുടെ നാട് നന്നായിപ്പോയേനെ.