ആലുവ: ഭാര്യയുടെ മതത്തിലേക്കു മാറണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കൾ വീടുകയറി യുവാവിനെ ആക്രമിച്ചു. ആലുവ പറവൂർകവല റോസ് ലൈനിൽ വാടകയ്ക്കു താമസിക്കുന്ന തോപ്പുംപടി പള്ളത്തുവീട്ടിൽ മുരുകന്റെ മകൻ അഭിജിത്തി (27) നെയാണ് ആക്രമിച്ചത്.
തടയുന്നതിനിടെ നിലത്തു വീണ അമ്മ ലേഖ (48) യുടെ വലതുകൈ ഒടിഞ്ഞു. അഭിജിത്തിന്റെ തലയ്ക്കു പിന്നിൽ മുറിവേറ്റു.
ഇരുവരെയും ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ആക്രമണം നടത്തിയ പോഞ്ഞാശേരി സ്വദേശി ഇജാസിനെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇസ് ലാം മതത്തിൽപ്പെട്ട പെൺകുട്ടിയെ അഭിജിത്ത് മൂന്നു വർഷം മുമ്പ് പ്രണയിച്ചു ഹൈന്ദവാചാര പ്രകാരം വിവാഹം കഴിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് വീട്ടിലെത്തിയ ഭാര്യാ മാതാവും സഹോദരിയും ഉൾപ്പെടെ 11 അംഗസംഘം അഭിജിത്ത് ഇസ് ലാം മതം സ്വീകരിക്കണമെന്നും പറ്റില്ലെങ്കിൽ ബന്ധമൊഴിയണമെന്നും ആവശ്യപ്പെട്ടു.
രേഖകളിൽ ഒപ്പ് വയ്ക്കണമെന്നും നിർബന്ധിച്ചു. ഇതിനെ എതിർത്ത അഭിജിത്ത് ബന്ധമൊഴിയണമെന്നുണ്ടെങ്കിൽ ഭാര്യ നേരിൽ ആവശ്യപ്പെടണമെന്നു വ്യക്തമാക്കി.
ഇതോടെയായിരുന്നു ആക്രമണമെന്നു പറയുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത ഇജാസ് ഭാര്യയുടെ സഹോദരി ഭർത്താവാണ്.
വാവാഹശേഷം ഒന്നരവർഷത്തിലേറെ അഭിജിത്തിനൊപ്പമായിരുന്ന യുവതിയെ വീട്ടുകാർ മലപ്പുറത്തെ ബന്ധുവീട്ടിൽ കുറച്ചുനാൾ തടങ്കലിലാക്കിയിരുന്നു.
അവിടെനിന്നു കൂട്ടിക്കൊണ്ടുവന്നശേഷം ഒന്നര വർഷമായി പെരുമ്പാവൂരിലെ സ്വന്തം വീട്ടിൽ താമസിക്കുന്ന യുവതി ഫോൺ മുഖേന അഭിജിത്തുമായുള്ള ബന്ധം തുടരുകയായിരുന്നു.