കുറ്റിക്കോല്‍: കോവിഡ് പോസിറ്റീവായി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന നഴ്സ് ശ്വാസതടസം മൂലം ആശുപത്രിയിലേക്ക് പോകാനിരിക്കേ വീടിനു മുന്നില്‍ കുഴഞ്ഞുവീണു.
സമീപവാസികളായ യുവാക്കള്‍ വാഹനത്തിനായി പലരെയും വിളിച്ചെങ്കിലും കോവിഡ് പോസിറ്റീവാണെന്നറിഞ്ഞതോടെ ഡ്രൈവര്‍മാര്‍ പിന്‍വലിഞ്ഞു.
ഒടുവില്‍ 10 കിലോമീറ്ററോളം അകലെ നിന്നെത്തിയ ടാക്സി ഡ്രൈവറാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
കുറ്റിക്കോലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതിയാണ് പ്ലാവുള്ളകയ എന്ന സ്ഥലത്തുള്ള തന്റെ വീടിന് സമീപം കുഴഞ്ഞു വീണത്.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ ശ്വാസതടസം നേരിട്ടതുമൂലമാണ് ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചത്.
വാഹനത്തിനായി പലരേയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് പറയുന്നു.
ഒടുവില്‍ ഏതെങ്കിലും വിധത്തില്‍ ആശുപത്രിയില്‍ പോകാനായി വീട്ടില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് ബോധരഹിതയായത്.
ഇവരുടെ സഹായികളും സമീപവാസികളുമായ രാധാകൃഷ്ണനും ബിജുവും ചേര്‍ന്ന് സമീപത്തെ നിരവധി ഡ്രൈവര്‍മാരെ വിളിച്ചെങ്കിലും രോഗഭീതി മൂലം ആരും വരാന്‍ കൂട്ടാക്കിയില്ല.
ഇതേത്തുടര്‍ന്നാണ് 10 കിലോമീറ്ററോളം അകലെ പള്ളത്തിങ്കാലിലുള്ള സാമൂഹ്യപ്രവര്‍ത്തകനും സൈലോ ടാക്സി ഡ്രൈവറുമായ നിധീഷ് കൊല്ലംപണയെ ബന്ധപ്പെട്ടത്.
പ്രായമായ അച്ഛനമ്മമാരും പ്രസവ ചികിത്സയില്‍ കഴിയുന്ന ഭാര്യയും വീട്ടിലുള്ളതിനാല്‍ ലോക്ക് ഡൗണില്‍ പുറത്തിറങ്ങാതെ നില്‍ക്കുന്നതിനിടയിലാണ് നിധീഷിന് വിവരം ലഭിക്കുന്നത്.
അടിയന്തര ആവശ്യം മുന്‍നിര്‍ത്തി വണ്ടിയുമായി ഓടിയെത്തിയ നിധീഷാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
ഇതിനകം യുവതി ബോധരഹിതയായി ഒരു മണിക്കൂറോളം പിന്നിട്ടിരുന്നു. ബേഡഡുക്ക താലൂക്കാശുപത്രിയില്‍ എത്തിച്ച യുവതി സാമാന്യം ഭേദപ്പെട്ട നിലയില്‍ ചികിത്സയില്‍ തുടരുകയാണ്.