അഗളി : അർഹതപ്പെട്ട സ്ഥലത്ത് വഴിവിളക്ക് സ്ഥാപിക്കാത്തതിൽ മനംനൊന്ത് മരത്തുന്പത്തു കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനു നീതി.
യുവാവ് അവശ്യപ്പെട്ട സ്ഥലത്തുതന്നെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു പഞ്ചായത്ത് അധികൃതർ വാക്കുപാലിച്ചു.
അട്ടപ്പാടി ചിറ്റൂർ മേട്ടുവഴിക്ക് സമീപം നിധീഷാണ് പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ചു അന്‍പതടി ഉയരത്തിൽ തേക്കുമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴുക്കിയത്.
അവികസിതവും വന്യമൃഗശല്യമുള്ളതുമായ പ്രദേശത്തു സ്ഥാപിക്കേണ്ട സ്ട്രീറ്റ് ലൈറ്റ് മാറ്റിസ്ഥാപിച്ചതിൽ പ്രതിഷേധിച്ചു ഫെബ്രുവരി നാലിന് ഉച്ചയോടെയാണ് യുവാവ് ഭീകരന്തരീക്ഷം തീർത്തു മരത്തിൽ കയറിയത്.
സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും ബ്ലോക്ക് പഞ്ചായത്തഗവും പോലീസും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തുടർന്ന് അഗളി പഞ്ചായത്ത് പ്രസിസന്റ് അംബിക ലക്ഷ്മണൻ ഇടപെട്ടു ജനോപകാരപ്രദമായ സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചുനല്‍കാമെന്ന് മൊബൈൽ മാർഗം നൽകിയ ഉറപ്പിന്മേലാണ് യുവാവ് ആത്മഹത്യാശ്രമം ഉപേക്ഷിച്ചത്.
തുടർന്ന് ബ്ലോക്ക് പഞ്ചായത്തഗം സിനി മനോജ് നടത്തിയ ഉൗർജസ്വല ഇടപെടലിലൂടെയാണ് ഒരാഴ്ചക്കുള്ളിൽതന്നെ വഴിവിളക്ക് സ്ഥാപിക്കാനായത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ സിനി മനോജ് വഴിവിളക്ക് തെളിയിച്ചതോടെ പ്രദേശത്തു ആഹ്ലാദം തിരതല്ലി.
പ്രദേശത്തേക്ക് വാഹനം എത്തുംവിധം റോഡിനായുള്ള കാത്തിരിപ്പിലാണ് മലയോര കർഷകർ.