നിധി കണ്ടെത്താന്‍ വീടു കുഴിച്ച അച്ഛന്റെയും മകന്റെയും വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍. കോട്ടയം കാഞ്ഞിരപ്പിള്ളിയിലാണ് സംഭവം. ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ നിധി കണ്ടെത്താന്‍ വീടിനുള്ളില്‍ കിടങ്ങുകള്‍ തീര്‍ത്തതുമായി ബന്ധപ്പെട്ടു വീട്ടുടമയും മകനും അടക്കം 12 പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണു പോലീസ് സംഘം കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡില്‍ പുന്നച്ചോടിനു സമീപമുള്ള ഒരു വീട്ടില്‍ റെയ്ഡ് നടത്തിയത്. ജില്ലാ പോലീസ് സൂപ്രണ്ട് എന്‍. രാമചന്ദ്രന് ഇതു സംബന്ധിച്ചു കഴിഞ്ഞ ജൂണ്‍ 23ന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നു ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു വീട്. സ്വപ്നത്തില്‍ ദേവത പ്രത്യക്ഷപ്പെട്ടു വീടിനുള്ളില്‍ നിധിയുണ്ടെന്ന് അറിയച്ചതിനെത്തുടര്ന്നായിരുന്നു വീടിനുള്ളില്‍ കിടങ്ങുകള്‍ തീര്ത്തതെന്നു വീട്ടുടമ പറഞ്ഞതായി പോലീസ് അറിയിച്ചു.
വര്‍ഷങ്ങളായി വീടു കേന്ദ്രീകരിച്ചു ദുര്‍മന്ത്രവാദം നടന്നുവെന്നും അന്യസംസ്ഥാന രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ പതിവായി എത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു. വീടിനുള്ളിലും പരിസരത്തും വിവിധ മതങ്ങളുടെ ചിഹ്നങ്ങളും പ്രതിഷ്ഠിച്ചിരുന്നു. ഇവിടെ ചില പൂജകള്‍ നടത്തിവരുന്നതായും പരിശോധനയില്‍ കണ്ടെത്തി. നിധി കണ്ടെത്താനായി വീടിനുള്ളില്‍ മൂന്നു കിടങ്ങുകള്‍ കുഴിച്ചിട്ടുണ്ട്.
30 അടി താഴ്ചയില്‍ കുഴിയെടുക്കുന്നതിനു സ്പോട്ട് ലൈറ്റുകളും ഓക്സിജന്‍ മാസ്കുകളും ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തി. പോലിസ് എത്തുമ്പോള്‍ പൂജകള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നുവത്രേ. വീടിനകത്തും പുറത്തും പൂജ നടത്തിയിരുന്നു. വീടിനുള്ളില്‍ 150-ലേറെ നിലവിളക്കുകളും പോലീസ് കണ്ടെത്തി. 150 വര്‍ഷത്തിലേറെ പഴക്കമുള്ള പുരാതന വീടാണെന്നും ഇതിനുള്ളില്‍ നിധിയുണ്ടെന്നും പ്രചരിപ്പിച്ചു പലരില്‍നിന്നു വീട്ടുടമ പണം വാങ്ങിയതായും പോലീസ് പറഞ്ഞു.
ഇതിനായി പ്രത്യേക ഏജന്റുമാരും ഉണ്ടായിരുന്നു. നിധി കണ്ടെത്തുന്നതിനു കുഴിയെടുത്തുകൊണ്ടിരുന്ന എറണാകുളം, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, ചാവക്കാട് സ്വദേശികളെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്. നിധിശേഖരമുണ്ടെന്നു തെറ്റിദ്ധരിപ്പിക്കല്‍, സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഐപിസി–151ാം വകുപ്പ് പ്രകാരം കരുതല്‍ അറസ്റ്റാണ് ചെയ്തതെന്നും ഇവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതായും പോലീസ് അറിയിച്ചു.