ആലങ്ങാട്: നൂറ്റാണ്ടുകള്‍ പഴക്കമുള്ളതെന്ന് കരുതുന്ന മണ്‍കുടം വീട്ടുവളപ്പില്‍ കണ്ടെത്തി. ആലങ്ങാട് പഞ്ചായത്തിലെ മാളികംപീടിക ബ്ലാത്ത്മഠത്തിൽ സജീവിന്റെ വീട്ടുവളപ്പില്‍ നിന്നാണ് മൺകുടം കണ്ടെത്തിയത്. പുരാവസ്തു വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.
അതിശക്തമായ കാറ്റിനെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി സജീവിന്റെ വീടിന്റെ പിന്നിലെ പേരാൽ കടപുഴകി വീണിരുന്നു. സർപ്പക്കാവിനോട് ചേർന്ന് നിന്നിരുന്ന പേരാലിന് അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. മരം വീഴുന്ന ശബ്ദംകേട്ട് വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് മരത്തിന്റെ വേരുകൾക്കിടയിൽ മണ്‍കുടം ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നത്.
സർപ്പക്കാവിനോട് ചേർന്ന് ആയതിനാൽ കുടം പരിശോധിക്കാനോ, മരത്തിന്റെ അരികിലേക്ക് പോകാനോ വീട്ടുകാർ ധൈര്യപ്പെട്ടില്ല. കുടത്തിൽ നിധിയാണെന്ന വാർത്തയും പരന്നു. തുടർന്ന് വീട്ടുകാരും സമീപവാസിയായ രവീന്ദ്രനും ചേർന്ന് ആലങ്ങാട് പോലീസിലും പുരാവസ്തു വകുപ്പിലും വിവരമറിയിച്ചു. മൺകുടത്തിന് ഏകദേശം രണ്ട് അടി പൊക്കവും ഒന്നരയടി വീതിയുമുണ്ടെന്നു കരുതുന്നു.
മുകൾഭാഗം തുറന്ന നിലയിലായിരുന്നു. കൂടാതെ പഴയകാലത്തെ മൺകുടങ്ങളോട് സാമ്യവുമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ കുടത്തിന് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല.
പേരാലിന്റെ വേരുകൾക്കിടയിൽ നിന്നു മണ്ണ് നീക്കം ചെയ്ത് കുടം ഇതുവരെ പുറത്തെടുത്തിട്ടില്ല. തൃപ്പുണിത്തറയിൽ നിന്നും പുരാവസ്തു വകുപ്പ് അധികൃതര്‍ സ്ഥലം സന്ദർശിച്ചെങ്കിലും പരിശോധന നടത്താൻ സാധിച്ചില്ല. തുടർന്ന് അവർ പിന്നീട് എത്താമെന്നറിയിച്ച് മടങ്ങി.