കൊച്ചി: വിധിയെ തോല്‍പ്പിച്ച് ജീവിതത്തിലേക്കു മടങ്ങിയെത്തിയ കേരളത്തിന്റെ ‘നിധി’ ഇനി സുരക്ഷിത കരങ്ങളില്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒന്നര മാസത്തെ ചികിത്സ പൂര്‍ത്തിയാക്കി ശിശുക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) സംരക്ഷണയിലേക്ക് അവള് മടങ്ങിയപ്പോള്‍ പോറ്റമ്മമാരായി ശുശ്രൂഷിച്ച ഡോ. വിജി, ന്യൂബോണ്‍ കെയറിലെ നഴ്സുമാരായ ആതിര, രമ്യ എന്നിവര്‍ക്ക് ഉള്ളിലെങ്ങോ ഒരു കൊച്ചുസങ്കടം ബാക്കി. എങ്കിലും കുഞ്ഞുമണി എന്ന ഓമനപ്പേരില്‍ കഴിഞ്ഞിരുന്ന ‘നിധി’ സുരക്ഷിതയായി എന്നത് ആ സങ്കടം ഇല്ലാതാക്കുന്നു.
ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ ഭാഗമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് ഇന്നലെ രാവിലെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശിശുക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്തത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീര്‍ഷായും ജില്ലാ സിഡബ്ല്യുസി ചെയര്മാന് അഡ്വ. വിന്‍സെന്റ് ജോസഫും കുട്ടിയെ ഏറ്റെടുക്കുന്ന കരാറില്‍ ഒപ്പുവച്ചു. ചെയര്‍മാനുപുറമേ ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ (ഡിസിപിഒ), കെയര്‍ ടേക്കര്‍മാര്‍ തുടങ്ങിയവരും കുട്ടിയെ ഏറ്റെടുക്കുന്ന നടപടികള്‍ക്കായി ആശുപത്രിയിലെത്തിയിരുന്നു.
ഒന്നര മാസം നിധിപോലെ കാത്ത നഴ്സുമാരുടെ കൈയില്‍നിന്നും ഡിസിപിഒ കെ.എസ്. സിനി കുഞ്ഞിനെ ഏറ്റുവാങ്ങി. ആശുപത്രി സൂപ്രണ്ട്, ന്യൂബോണ്‍ കെയര്‍ യൂണിറ്റിലെ മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവർ ചേര്‍ന്നാണു ‘നിധി’യെ യാത്രയാക്കിയത്. കുഞ്ഞിനെ ജില്ലയിലെ ശിശുക്ഷേമ സമിതിയുടെ കീഴിലെ സ്ഥാപനത്തിലേക്ക് ഇന്നലെത്തന്നെ മാറ്റി. തുടര്‍ ചികിത്സകളടക്കം ഉറപ്പും വരുത്തിയാണ് കുട്ടിയെ കൈമാറിയതെന്നും കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നും ഡോ. ഷഹീര്‍ഷാ പറഞ്ഞു.