ശ്രീകണ്ഠപുരം: ചെങ്ങളായി പരിപ്പായി ഗവ. യുപി സ്കൂളിന് സമീപത്തുനിന്ന് ഇന്ന് രാവിലെ വീണ്ടും നിധി ലഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴിയിൽ നിന്നാണ് ജോലി തുടങ്ങുമ്പോൾ സ്വർണം, വെള്ളി ആഭരണങ്ങൾ അടങ്ങിയ നിധി ലഭിച്ചത്. എന്നാൽ, ഇവ സ്വർണമാണോയെന്നും വെള്ളിയാണോയെന്നും സ്ഥിരീകരിച്ചിട്ടില്ല.
വ്യാഴാഴ്ച ഇവിടെ നിന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വർണം, വെള്ളി ആഭരണങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന്റെ ബാക്കിയാണ് ഇന്ന് ലഭിച്ചത്. വിവരമറിഞ്ഞ് വാർഡ് മെമ്പർ ഉഷയും ശ്രീകണ്ഠപുരം പോലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. കളക്ടറും സ്ഥലം സന്ദർശിച്ചേക്കും.
കഴിഞ്ഞ ദിവസം നിധി ലഭിച്ച പുതിയപുരയിൽ താജുദ്ദീന്റെ റബർ തോട്ടത്തിൽനിന്ന് തന്നെയാണ് തൊഴിലുറപ്പു തൊഴിലാളികൾക്ക് വീണ്ടും ആഭരണങ്ങൾ ലഭിച്ചത്. കഴിഞ്ഞ ദിവസം 17 മുത്തുമണി, 13 സ്വർണലോക്കറ്റ്, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയകാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ് കമ്മൽ, നിരവധി വെള്ളി നാണയങ്ങൾ, ഭണ്ഡാരമെന്ന് തോന്നിക്കുന്ന വസ്തു എന്നിവയാണ് ചെങ്ങളായി പഞ്ചായത്ത് പത്താംവാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ റബർ തോട്ടത്തിൽ മഴക്കുഴി നിർമിക്കുന്നതിനിടെ കണ്ടെത്തിയത്.
ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് ഇവ ശ്രദ്ധയിൽപ്പെട്ടത്.ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും. കഴിഞ്ഞ ദിവസം ലഭിച്ച സാധനങ്ങൾ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയിരുന്നു. പുരാവസ്തുവകുപ്പിന്റെ പരിശോധനയിൽ മാത്രമേ ഇവ നിധിയാണോയെന്ന് സ്ഥിരീകരിക്കാനാവൂ. പുരാവസ്തുവകുപ്പ് ഉച്ചകഴിഞ്ഞ് സ്ഥലം പരിശോധിക്കുന്നുണ്ട്.