2021 ഫെബ്രുവരി ഏഴ്. അന്നൊരു ഞായറാഴ്ചയായിരുന്നു. രാവിലെ ഏഴിനുതന്നെ കൊച്ചി കലൂരിൽനിന്നു യാത്ര ആരംഭിച്ചു. മലകൾ താണ്ടി, പുഴ കടന്ന്, കാടിറങ്ങി, മേഘങ്ങൾ തൊട്ട്, മഴനനഞ്ഞ് ഒരു ദേശാടനം. 92 ദിവസങ്ങൾ നീണ്ട യാത്ര. 20,000 കിലോമീറ്ററുകൾ താണ്ടി മേയ് ഏഴിനു കൊച്ചിയിൽ തിരിച്ചെത്തി.
യാത്രചെയ്യാൻ പ്രായമോ പണമോ തടസമല്ലെന്നു തെളിയിച്ച ചായക്കടക്കാരൻ ബാലാജിച്ചേട്ടനും മോഹനചേച്ചിയും ഫ്ളാഗ് ഓഫ് ചെയ്ത് അനുഗ്രഹിച്ചുവിട്ട യാത്ര വെറുതേയായില്ല.
ഭാരതത്തിന്റെ ആത്മാവിലേക്ക് ഒരു തീർഥയാത്രയായിരുന്നു അത്. അതും ഒറ്റയ്ക്ക്. ഒരു വനിതയ്ക്ക് ഇതു സാധിക്കുമോ? അധികം സ്ത്രീകളും പരീക്ഷിക്കാത്ത ഒരു യാത്രയായിരുന്നു അത്.
സമൂഹം കൽപിച്ച വേലിക്കകത്ത് ഒതുങ്ങി ജീവിക്കേണ്ടി വരുന്ന, സന്ധ്യകഴിഞ്ഞാൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന പെണ്‍കുട്ടികളുള്ള നാട്ടിൽ. 92 ദിനങ്ങൾ പെട്ടെന്നു കടന്നു പോയി. സ്വന്തം കാറിൽ തനിയെ യാത്ര ചെയ്തു തിരിച്ചെത്തി. ഇതാണ് കോട്ടയം സ്വദേശിനി നിധി ശോശ കുര്യൻ.
കൊച്ചിയിൽ മൂവി പ്രൊഡക്ഷൻ ഹൗസിൽ ജോലി, ഫ്രീലാൻസ് ബ്രോഡ് കാസ്റ്റിംഗ് ജേർണലിസ്റ്റ്. താമസവും കൊച്ചിയിൽ. തൃശൂർ പുലികളിയിൽ പുലിയായി അരങ്ങത്തു വന്ന നിധി, ബുള്ളറ്റ് റൈഡറും സ്ഥിരം യാത്രികയുമാണ്.
ബൈക്കിൽ സോളോ ട്രിപ്പുകൾ നടത്താറുണ്ട്. ട്രെയിനിലും കാറിലുമായി നടത്തിയ യാത്രാ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നിധി പങ്കുവയ്ക്കാറുണ്ട്. യാത്രാനുഭവങ്ങൾ ഉൾപ്പെടുത്തി മൂന്നു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
ദ ഗ്രേറ്റ് ഇന്ത്യൻ സോളോ ട്രിപ്പ്
ലോകം മുഴുവൻ കണ്ടുതീർക്കുന്ന ഒരു സഞ്ചാരിയാവണം എന്ന നിധിയുടെ സ്വപ്നത്തിലേക്കുള്ള ഒരു കാൽവെപ്പ് മാത്രമായിരുന്നു ഈ ഓൾ ഇന്ത്യ യാത്ര. അവൾ അതിനൊരു പേര് നൽകി. ദ ഗ്രേറ്റ് ഇന്ത്യൻ സോളോ ട്രിപ്പ്. സ്വന്തം കാറിൽ, സ്വയം പാചകം ചെയ്ത്, കോവിഡിനെ മറികടന്നുള്ള യാത്ര. ഹോട്ടലുകളെയൊന്നും ആശ്രയിച്ചില്ല.
ഭക്ഷണം കാറിൽത്തന്നെ പാകം ചെയ്യും. വിശ്രമം പരമാവധി കാറിൽത്തന്നെ. പക്ഷേ ഇതിനായി വാഹനത്തിൽ യാതൊരുവിധത്തിലുള്ള അധിക സജ്ജീകരണങ്ങളുമില്ലായിരുന്നു.
മനസിൽ സ്വപ്നമുണ്ടായിരുന്നു. ഭാരതത്തെ അടുത്തറിയണം. അവിടെയുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയും അറിയണം. അവരുടെ സ്വപ്നവും സങ്കടവും സന്തോഷവും അടുത്തറിയണം.അതിനായി ഇന്ത്യയുടെ വിവിധ ഗ്രാമങ്ങൾ, ആചാരങ്ങൾ, ഉത്സവങ്ങൾ അടുത്തറിഞ്ഞുള്ളയാത്ര.
യാത്രകൾ ഒരുപാട് ചെയ്തിട്ടുണ്ട് നിധി കുര്യൻ. രാജ്യത്തിനകത്തും പുറത്തും. ഈജിപ്ത്, ഇസ്രായേൽ, ജോർദാൻ, സിറിയ, ദുബായ്, നേപ്പാൾ, ഭൂട്ടാൻ…തുടങ്ങി പല രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഈ യാത്രകളിൽ സുഹൃത്തുക്കളുണ്ടായിരുന്നു, ബന്ധുക്കളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തനിയെ.
യാത്രയുടെ ആസൂത്രണം ആരംഭിച്ച സമയം മുതൽ ആരംഭിച്ച ചോദ്യമാണ് ഒറ്റയ്ക്കോ..? ഒരു വനിത തനിച്ച് യാത്രയെന്നല്ല എന്ത് ആസൂത്രണം ചെയ്താലും ഉയരുന്ന ചോദ്യമാവും “തനിച്ചോ?’. അതിനുള്ള ഉത്തരം കൂടിയാണ് യാത്രയെന്ന് നിധി പറയുന്നു. ആദ്യ ഘട്ടത്തിൽ ഒറ്റയ്ക്ക് എന്നത് വലിയ സംഭവമായി തോന്നിയില്ല.
എല്ലാവരും ചോദ്യം ആവർത്തിച്ചതോടെ മനസിൽ ചെറിയ സംഘർഷം ഉണ്ടായി. യാത്രയുടെ തലേന്നാൾ അമ്മ ചോദിച്ചു. പോകണമെന്നുണ്ടോ… ഉറച്ച മറുപടി ഉണ്ടെന്നായിരുന്നു.
അക്ഷരാർത്ഥത്തിൽ ഏകാന്തപഥിക. കടലിനെ ചുംബിച്ച് നിൽക്കുന്ന കൊച്ചിയിൽ നിന്നു പുറപ്പെടുന്ന യാത്ര തീരദേശങ്ങളിലെ മണൽക്കാറ്റേറ്റ് കാശ്മീരിലെ കാർഗിൽ ഗിരിശ്യംഗങ്ങൾ കീഴടക്കി സമതലങ്ങളും പീഠഭൂമിയും താണ്ടിയാണ് സമാപിച്ചത്.
കൊച്ചിയിൽനിന്ന് ആരംഭിച്ച യാത്ര അവസാനിക്കേണ്ടത് കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ കണ്‍കുളിർക്കെ കണ്ടുകൊണ്ടായിരുന്നു. അവിചാരിതമായുണ്ടായ ലോക്ഡൗണ്‍ കാരണം തിരികെ കന്യാകുമാരി സ്പർശിക്കാതെ കൊച്ചിയിലെത്തി.
തനിച്ച് കുരുവിക്കൊപ്പം
മൂന്നുവർഷം കൊണ്ടുള്ള ഒരു സ്വപ്നമായിരുന്നു ഈ യാത്ര. കഴിഞ്ഞ വർഷം ഏപ്രിലിൽ പോകാനായിരുന്നു തീരുമാനം. കോവിഡ് യാത്ര മുടക്കി. 2015 മുതലായിരുന്നു തുടർച്ചയായി യാത്രകൾ ചെയ്തുതുടങ്ങിയത്. എങ്കിലും ഇത്തരം യാത്രകൾ അത്ര എളുപ്പമാവില്ലല്ലോ.
ഒറ്റയ്ക്കൊരു യാത്ര. പെട്ടെന്നുണ്ടായ തീരുമാനമല്ല. എല്ലാം തീരുമാനിച്ചു പ്ലാൻ ചെയ്തുള്ള യാത്രയാകുന്പോൾ പേടിയില്ല. എങ്കിലും ആദ്യം ഭയമുണ്ടായിരുന്നു. ഏകാന്തത കൊണ്ട് മടുപ്പ് തോന്നുമോ എന്ന്. പിന്നെ ആ പേടി പോയി.
വാളയാർവരെ സുഹൃത്തുക്കൾ കൊണ്ടുപോയി വിട്ടു. അവസാനം എന്നെ ഒന്നു യാത്ര ചെയ്യാൻ വിടുമോ എന്നു ചോദിച്ചപ്പോഴാണ് അവർ തിരിച്ചുപോയത്. അത്രമാത്രം അവർക്ക് എന്റെ കാര്യത്തിൽ താത്പര്യമുണ്ട്. ഇതാണ് എന്റെ ശക്തി. പിന്നീട് യാത്ര തുടരുന്പോൾ ഫോണ്‍വിളികൾ വന്നുകൊണ്ടിരുന്നു.
ഒരു ദിവസം കഴിഞ്ഞു യാത്രയിലേക്ക് അലിഞ്ഞുചേരാൻ. പിന്നീട് ഒറ്റയ്ക്കാണ് എന്ന് ചിന്തിക്കാൻപോലും സമയമില്ല. രാവിലെ എഴുന്നേൽക്കുന്നു, പാക്ക് ചെയ്യുന്നു, കുക്ക് ചെയ്യുന്നു, വണ്ടിയിൽ കയറുന്നു, പോകുന്നു. ഒറ്റയ്ക്കാണ് ഡ്രൈവ് ചെയ്യുന്നത്. യാത്രയിലേക്ക് അലിഞ്ഞപ്പോൾ എല്ലാം മറന്നുവെന്നതാണ് ശരി.
കുരുവി എന്ന് പേരിട്ട ക്വിഡ് കാറിലായിരുന്നു യാത്ര. ഒപ്പം കൂട്ടുകാർ സമ്മാനിച്ച പാവകൾ, ഡോറയും ബുജിയും. കോവിഡ് കാലമായതിനാലാണ് കാർ തെരഞ്ഞെടുത്തത്. ഗ്രാമങ്ങളിലൂടെയും മറ്റും ഇഷ്ടംപോലെ യാത്ര ചെയ്യാൻ കഴിയണം എന്നുണ്ടായിരുന്നു.
ചെറിയ കാർ ആയതിന്റെ പരിമിതിയും സാധ്യതയുമൊക്കെ അനുഭവിച്ചു. മണ്ണിടിച്ചിൽ കാരണം ഉധംപൂർ നിന്നു ശ്രീനഗറിലേക്കുള്ള യാത്രക്കിടെ രണ്ടു ദിവസം വഴിയിൽ പെട്ടു.
ജമ്മുവിൽ വെച്ച് ഒരു ദിവസം കാറിൽ ഉറങ്ങേണ്ടിയും വന്നിട്ടുണ്ട്. മരുന്നുകൾ, ഗ്യാസ്, സറ്റൗ, കുക്കർ..തുടങ്ങിയവയെല്ലാം കാറിൽ കരുതിയിരുന്നു.
പലസ്ഥലങ്ങളിലുള്ള സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരെല്ലാം ഭക്ഷണം പൊതിഞ്ഞു തന്നിട്ടുണ്ട്. ഹോസ്റ്റൽ, ഹോട്ടൽ, പള്ളികളിലെ ഗസ്റ്റ് ഹൗസുകൾ, ദാൽ തടാകത്തിലെ ഹൗസ് ബോട്ട്, പട്ടാള ക്യാന്പ്, സുഹൃത്തുക്കളുടെ ഭവനങ്ങൾ, ഓർഫനേജ്….എന്നിവിടങ്ങളെല്ലാം അഭയമായി.
ദീർഘനാളുകളായി ആസൂത്രണം ചെയ്ത യാത്രയായതു കൊണ്ടുതന്നെ യാത്രയ്ക്ക് ദിവസങ്ങൾക്കു മുന്‍പുതന്നെ മിക്കയിടങ്ങളിലും വിളിച്ച് താമസം ഉറപ്പുവരുത്തി.
സൗഹൃദ താമസം ഇല്ലാത്തയിടങ്ങളിൽ ഹോസ്റ്റലുകളും സർക്കാർ സംവിധാനത്തിലുള്ള താമസ സൗകര്യങ്ങളുമുണ്ട്. ഒന്നുമില്ലാത്തയിടങ്ങളിൽ കിടന്നുറങ്ങാൻ ടെൻറുകളടക്കമുള്ള സൗകര്യങ്ങളും കാറിനുള്ളിലുണ്ട്.
പുലർച്ചെ അഞ്ചിനാണ് എല്ലാ ദിവസവും യാത്ര പുറപ്പെട്ടത്. 90-100 കിലോമീറ്റർ വേഗതയിലാണ് ഡ്രൈവ് ചെയ്തിരുന്നത്. 250 തൊട്ട് 550 കിലോമീറ്റർ വരെ പല ദിവസങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. രാത്രി ഏഴിനുമുന്‍പ് താമസ സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ചില ദിവസങ്ങളിൽ വൈകിയിട്ടുണ്ട്.
ഉറങ്ങും മുന്‍പ് ഓരോ ദിവസത്തേയും നോട്ടുകൾ തയ്യാറാക്കുകയും തൊട്ടടുത്ത ദിവസം പോകുന്ന സ്ഥലങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്യും.
സ്ത്രീ സുരക്ഷിതയോ?
ഗ്രെറ്റ് ഇന്ത്യൻ സോളോ ട്രിപ്പ് കഴിഞ്ഞു നിധി ശോശ കുര്യൻ വീട്ടിലുണ്ട്. ഒരു സ്ത്രീക്ക് തനിയെ എത്രമാത്രം ഇന്ത്യയിൽ സുരക്ഷിതമായി യാത്ര ചെയ്യാം എന്ന് ചോദിച്ചാൽ, തന്റെ യാത്ര അത്രയും സുരക്ഷിതമായിരുന്നു എന്ന് തന്നെയാണ് നിധിയുടെ ഉത്തരം.
യാത്രകൾ പ്ലാൻ ചെയ്തു പോകണം. കൂടാതെ രാത്രി യാത്രകൾ പുരുഷനായാലും സ്ത്രീയായാലും പരമാവധി ഒഴിവാക്കുകയാണ് സുരക്ഷിതം. യാത്ര ആരംഭിച്ചപ്പോഴാണ് പല ഹൈവേകളിലും രാത്രിയിൽ വെളിച്ചമില്ലെന്നു മനസിലായത്.
കൊറോണക്കാലം
കൊറോണക്കാലത്തെ യാത്രയെക്കുറിച്ച് പറഞ്ഞാൽ, നമ്മുടെ കേരളമാണ് ജീവിക്കാൻ ഏറ്റവും സുരക്ഷിതം. അങ്ങോട്ടു പോയപ്പോൾ നമുക്ക് നമ്മുടെ ശ്വാസം കൃത്യമായി കേൾക്കാം, അത്ര സന്തോഷമാണ്, യാത്രയുടെ ആനന്ദമായിരുന്നു.
പക്ഷെ തിരിച്ച് ഇങ്ങോട്ട് വന്നപ്പോൾ നെഞ്ചിടിപ്പായി. ശ്വാസം പോലും കിട്ടാതെ പ്രാണ വായുവിന് വേണ്ടി പിടയുന്ന മനുഷ്യരുടെ ഇടയിലൂടെയാണ് തിരിച്ചു വരുന്നത്, എന്തൊരു സങ്കടമായിരുന്നു അത്.
നെഞ്ചിടിപ്പ് കേൾക്കാവുന്ന അവസ്ഥയായിരുന്നു ആ ഓട്ടപ്പാച്ചിൽ. കേരളത്തിൽ കൃത്യസമയത്ത് വരാൻ പറ്റാതെ ഞാൻ വഴിയിലെവിടെയെങ്കിലും കുടുങ്ങിപ്പോയിരുന്നെങ്കിൽ എന്ത് ചെയ്തേനെ എന്ന് ഓർക്കാറുണ്ട്.
ഇന്ത്യ എന്ന് പറയുന്നത് ഏറെ റിസോഴ്സസ് ഉള്ള ഒരു രാജ്യമാണ്, എല്ലാമുണ്ട് ഇവിടെ, അതൊക്കെ ആസ്വദിക്കാനും യാത്ര ചെയ്യാനുമൊക്കെ നമ്മൾ ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ പറ്റൂ. ആ ചിന്ത തന്നെയാണ് പെട്ടെന്ന് വീട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചതും.
മനസിൽ യാത്ര
യാത്രകൾ എന്നെ വിസ്മയിപ്പിച്ചിട്ടില്ലാത്ത കാലത്തെക്കുറിച്ചു ചിന്തിക്കാനേ കഴിയുന്നില്ല.ആകാശം, മഴ, നിലാവ്, നക്ഷത്രങ്ങൾ, മഞ്ഞ്, കാറ്റ്, മേഘങ്ങൾ, നിറങ്ങൾ, എന്തിനേറെ, വിരിഞ്ഞു നിൽക്കുന്ന ഒരു പൂവോ വൃക്ഷമോ ഒക്കെയും ജീവിക്കാനുള്ള ഘടകങ്ങളായിത്തീരുന്പോൾ യാത്രകളും പ്രിയപ്പെട്ടതാണല്ലോ. യാത്ര പറഞ്ഞറിയിക്കേണ്ടതല്ല, അനുഭവിച്ചറിയേണ്ടതാണ്.
യാത്രയാണെങ്കിലും പ്രണയമാണെങ്കിലും, മനോഹര കാര്യങ്ങൾ അതിന്റെ ഭംഗി ചോർന്നു പോകാതിരിക്കാൻ ആരോടും പറയാതിരിക്കുന്നതാണ് നല്ലതെന്നു ഖലീൽ ജിബ്രാൻ പറഞ്ഞത് സത്യമെന്നു കരുതുന്നവൾ. ഒരു യാത്രയ്ക്കിറങ്ങുന്പോൾ പിൻവിളിക്ക് കാതോർക്കാതിരിക്കണം. അതുകൊണ്ടുതന്നെ തയാറെടുപ്പുകളെല്ലാം കഴിഞ്ഞ ശേഷമാണ് അമ്മയോടും സഹോദരൻമാരോടും മക്കളോടും കൂട്ടുകാരോടുമെല്ലാം പറയുന്നത്.
ജീവിതത്തിൽ നമ്മളെ ഏറ്റവും ഉത്തേജിപ്പിക്കുന്ന കാര്യം കണ്ടെത്തിയാൽ, അതിനു വേണ്ടി കുറച്ചു സമയം മാറ്റി വച്ചാൽ എന്നും സന്തോഷമായിട്ടിരിക്കാൻ പറ്റും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വിജയങ്ങളെ ഞാൻ അടയാളപ്പെടുത്തുന്നത് സന്തോഷമായിരിക്കാൻ പറ്റുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. ആ സന്തോഷം എന്റെ യാത്രകളാണ്.
എല്ലാ സ്ഥലങ്ങളിലെയും മണൽ, ശംഖ് എന്നിവ ചെറിയ കുപ്പികളിലാക്കി സൂക്ഷിച്ചു. പരന്നുകിടക്കുന്ന കടുകു പാടങ്ങൾ, ഹിമാലയത്തിലെ മഞ്ഞുവീഴ്ച, മഴ, പലതരം ഭൂപ്രകൃതി, കാലാവസ്ഥ, ആകാശങ്ങൾ, ഗ്രാമങ്ങളിലെ കൂരിരുട്ടു നിറഞ്ഞ രാത്രികൾ, നിലാവ്, കാറ്റ്…. എന്നിവയെല്ലാം ഹൃദയത്തിലുണ്ട്.
എല്ലാ ദിവസങ്ങളിലും ഫേസ്ബുക്കിൽ ലൈവ് വന്നിരുന്നു. കാത്തിരിക്കുന്ന ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു. അവരിൽ പലർക്കും വേണ്ടി അവർ ആവശ്യപ്പെട്ട സ്ഥലങ്ങളിലൊക്കെ പോയി ലൈവ് ചെയ്തു. പാടങ്ങളിലും മറ്റും പണിയെടുക്കുന്ന സ്ത്രീകളെ കാണാനും അവരുടെ ജീവിതം അറിയാനുമൊക്കെ യാത്ര ഏറെ സഹായിച്ചു.
യാത്രാവഴികൾ
കൊച്ചിയിൽനിന്നു പോണ്ടിച്ചേരി, മഹാബലിപുരം, ചെന്നൈ, നെല്ലൂർ, ഗുണ്ടൂർ, വിജയവാഡ,രാജമുന്ത്രി, വിശാഖപട്ടണം, പുരി, ഭുവനേശ്വർ, ബാലസോർവഴി കൽക്കട്ട, അസൻസോൾ, ഉത്തർപ്രദേശിലെ വാരാണസി. ബുദ്ധസർക്യൂട്ട് കണ്ടുതുടങ്ങിയപ്പോൾ ബുദ്ധന്റെ നാടായ നേപ്പാളിലേക്കും കാർ സഞ്ചരിച്ചു.
ശ്രീബുദ്ധനുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നാല് പുണ്യസ്ഥലങ്ങളിൽ ഒന്നാണ് ലുംബിനി. സിദ്ധാർഥ ഗൗതമന് ജ്ഞാനോദയമുണ്ടായ ബുദ്ധ ഗയ, ശ്രീബുദ്ധൻ ആദ്യമായി ധർമപ്രഭാഷണം നടത്തിയ സാരനാഥ്, അദ്ദേഹം നിർവാണം പ്രാപിച്ച കുശിനഗരം. അതൊരു അനുഭവമായിരുന്നു. ഉത്തർപ്രദേശിലെ സുഗന്ധദ്രവ്യ ഉത്പാദന നഗരമായ കനൗജിലും ആഗ്രയിലും എത്തി.
ഹിമാലയഭാഗങ്ങളിലൂടെ ഉത്തരേന്ത്യ ചുറ്റി. ഉത്തരാഖണ്ഡ്, ഹരിദ്വാർ, ഋഷികേശ്, ഡെറാഡൂണ്‍. മസൂറി, ഷിംല, കുളു, മണാലി, മണികരണ്‍, കസോൾ വഴി കാഷ്മീരിലെത്തി. തിരിച്ച് പഞ്ചാബിൽ അമൃത്സർ, ജലന്ധർ, ലുധിയാന, പാക്കിസ്ഥാൻ അതിർത്തിയിൽ എത്തി. അവിടെനിന്നു ഹരിയാനയിലെ കർഷകസമരമുഖത്ത് പോയി. കുരുക്ഷേത്രയിൽ എത്തി.
ഡൽഹിയിലൂടെയും രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയും മരുഭൂമികളിലൂടെയും സഞ്ചരിച്ചു. ഗോവയിൽ നിന്നു മൂകാംബികയിൽ എത്തി. കേരളത്തിൽ ലോക്ഡൗണ്‍ തുടങ്ങുന്നുവെന്ന വാർത്ത കേട്ടതോടെ കന്യാകുമാരി എന്ന സ്വപ്നം ഉപേക്ഷിച്ചു. മുകാംബികയിൽനിന്നു കാസർഗോഡ് എത്തി. അവിടെ നിന്നു കൊച്ചിയിലെത്തി.കോവിഡ് കാലം കഴിഞ്ഞു സാഗരസംഗമ സ്ഥാനമായ കന്യാകുമാരിയിലെത്തണം. യാത്ര അവസാനിച്ചിട്ടില്ല.
സ്വയം പാചകം
താമസിക്കാനായി കണക്ട് ചെയ്യുന്ന സ്ഥലങ്ങളിൽ ഭക്ഷണം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കാറുണ്ട്. ബ്രേക്ഫാസ്റ്റ് ഒക്കെ പാക്ക് ചെയ്തു കൊണ്ടുപോകും. മൂന്നു നേരവും ദോശ കഴിച്ച ദിവസവുമുണ്ട്. ഭക്ഷണം ഇഷ്ടം പോലെ കഴിച്ചു യാത്രയിൽ ഒരു പ്രശ്നമുണ്ടാക്കാനും തയാറാല്ലായിരുന്നു. പിന്നെ അത്യാവശ്യം പാചകം ചെയ്യാനുള്ള സാമഗ്രികൾ കയ്യിലുണ്ട്.
അവൽ, റവ, ഗോതന്പ്, അരി ഒക്കെ എടുത്തിട്ടുണ്ട്. പക്ഷേ കുക്ക് ചെയ്യാൻ മടിയാണ് പലപ്പോഴും. വൈകിട്ടാവുന്പോൾ കുറച്ചു കഞ്ഞിയും പയറും വെളിച്ചെണ്ണയും ചെറിയ ഉള്ളിയുമൊക്കെയിട്ട് വേവിച്ചെടുത്ത് കഴിക്കും. റിസ്ക് എടുക്കാൻ വയ്യാത്തതുകൊണ്ട് ഈ യാത്രയിൽ വെറൈറ്റി ഫുഡ് കഴിക്കൽ ഒഴിവാക്കിയിരിക്കുകയാണ്.
ഫ്ളാസ്കിൽ ചൂടുവെള്ളം കരുതിയിട്ട് ക്ഷീണം തോന്നുന്പോൾ കട്ടൻ ചായ ഉണ്ടാക്കി കുടിക്കും. പരിചയമുള്ള ഇടങ്ങളിൽ പോകുന്പോൾ മാത്രം ഭക്ഷണം തയ്യാറാക്കാൻ ശ്രമിക്കും. സീസണൽ ഫ്രൂട്ട് പേരയ്ക്ക, പഴം, ഡ്രാഗണ്‍ ഫ്രൂട്ട്, സബർജെല്ലി തുടങ്ങിയവ റോഡുകൾക്കടുത്ത് ലഭ്യമാണ്. അവിടെ നിർത്തി വാങ്ങി വയ്ക്കും. ഡ്രൈ ഫ്രൂട്ട്സും, ചോക്ക്ളേറ്റും ഇൻസ്റ്റൻറ് എനർജി നൽകും. അത് കൈവശം സ്റ്റോക്ക് ചെയ്തിരിക്കുകയാണ്.
മൊട്ടയടിച്ചു
ഇടയ്ക്ക് കാശിയിൽ ചെന്നപ്പോൾ മുടി മൊട്ടയടിക്കണമെന്നു തോന്നി. ആരോടും സമ്മതമൊന്നും ചോദിച്ചില്ല, അപ്പോൾ ചെയ്യണമെന്ന് തോന്നി ചെയ്തു. യാത്രയിൽ ഒരുപാട് സ്ത്രീകളെയും അവരുടെ ജീവിതവും ഒക്കെ പരിചയപ്പെട്ടു. നമ്മളൊക്കെ ഒന്നുമല്ല. അത്രമാത്രം കഷ്ടപ്പെടുന്നവരുണ്ട്. ജീവിതത്തിൽ ദുരന്തം അനുഭവിക്കുന്നവരുണ്ട്.
ഫേസ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട കൂട്ടുകാരെ, റെനോ ക്വിഡ് ആണ് എന്റെ കാർ. നന്പർ KL 33 N 0078. കടന്നു പോകുന്ന വഴികളിൽ എന്നെ കാണുകയാണെങ്കിൽ ഹായ് തരാൻ മറക്കരുത്.’ ഫെയ്സ്ബുക്കിൽ നിധി എഴുതി. നിധി പോലും വിചാരിച്ചില്ല ഇത്രയും പിന്തുണ ഫേസ്ബുക്കിൽ ലഭിക്കുമെന്ന്. അങ്ങനെ എവിടെ ചെന്നാലും ആളുകളെ കണക്ട് ചെയ്യാൻ എളുപ്പമാണ്.
ഈ യാത്ര 2020 ൽ പോകാനിരുന്നതാണ്. യാത്ര ചെയ്യാൻ ഇഷ്ടമുണ്ട് എന്ന് പറഞ്ഞിട്ടു കാര്യമില്ല. ആദ്യം പണം വേണം. ഞാൻ ചെയ്തത്, കുറേ സേവ് ചെയ്തു യാത്ര ഫണ്ട് ഉണ്ടാക്കി. എന്തൊക്കെ അത്യാവശ്യം വന്നിട്ടും ആ ഫണ്ടിൽ തൊട്ടില്ല. വീട്ടുകാരുടെ ശക്തമായ പിന്തുണയുണ്ട്. ഞാൻ സേഫ് ആയി പോയി വരുമെന്ന് അവർക്കറിയാം. എന്റെ ജോലി ധാരാളം യാത്രകൾ ചെയ്യുന്നതു തന്നെയാണല്ലോ. ഈ കൊറോണക്കാലം കറക്ട് ടൈം ആണ്. കുട്ടികൾക്കൊക്കെ ഓണ്‍ലൈൻ ക്ലാസാണ്. വീട്ടിൽ മാതാപിതാക്കളുമുണ്ട്. അതിനാൽ വളരെ സൗകര്യമായിരുന്നു.
തിരിച്ചിറങ്ങിയപ്പോൾ ലോക്ക്
യാത്രയുടെ തുടക്കത്തിൽ കോവിഡിന്റെ വ്യാപനം കുറവായിരുന്നു. തിരിച്ചിറക്കത്തിലാണ് കോവിഡിന്റെ രണ്ടാംവരവ് അതിരൂക്ഷമായത്. പലയിടത്തും കുടുങ്ങി, ഭക്ഷണം കിട്ടാതെ വലഞ്ഞു, കോവിഡിന്റെ ഭീകരത നേരിട്ട് കാണാനായി. ഓക്സിജൻ പോലും കിട്ടാതെ മനുഷ്യജീവനുകൾ പൊലിയുന്നു. ജനങ്ങൾ ഭയന്നു കഴിയുകയാണ്.
ഇത്രയും നാടുകളിലൂടെ സഞ്ചരിച്ചെത്തുന്ന ആളായതിനാൽ എന്നെ കാണുന്പോൾ പോലും ആളുകൾ പേടിക്കുന്ന ഒരവസ്ഥയിലേക്ക് എത്തിയിരുന്നു. ഞാൻ ഹരിയാനയിൽ എത്തുന്പോഴാണ് ഡൽഹിയിൽ ശനിയും ഞായറും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് കർണാലിൽ തങ്ങി. അവിടെ ഒരു അനാഥാലയത്തിലായിരുന്നു താമസിച്ചത്.
തിങ്കളാഴ്ച രാവിലെ ഡൽഹിയിലേക്കു തിരിച്ചു. അവിടെ എത്തിയപ്പോൾ ലോക്ഡൗണ്‍ നീട്ടുന്നു എന്നറിഞ്ഞു. പിന്നെ അവിടെ നിൽക്കുന്നത് സുരക്ഷിതമാണെന്നു തോന്നിയില്ല. അതുകൊണ്ട് നേരേ ജയ്പുരിലേക്കു തിരിച്ചു. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ജയ്പുരും ലോക്ഡൗണിലായെന്ന്. അവിടെ ഒരാഴ്ച ഉണ്ടായിരുന്നു.
മലയാളികളായ സുഹൃത്തുക്കളാണ് ഭക്ഷണം എത്തിച്ചത്. ഒരാഴ്ചയ്ക്കു ശേഷം ഉദയ്പുരിലെത്തി. അവിടെനിന്നു ഗോവ. കർഫ്യൂ ആയിരുന്നു ഗോവയിൽ. ഒരു മലയാളി ആന്റിയുടെ ഫ്ളാറ്റിൽ താമസിച്ചു. മൂന്നാലു ദിവസം അവിടെ തങ്ങിയതിനു ശേഷം കൊല്ലൂരിലേക്ക് യാത്ര തിരിച്ചു. മൂകാംബിക ക്ഷേത്രവും സൗപർണികയും സന്ദർശിച്ചു. കേരളത്തിലും ഉടൻ ലോക്ഡൗണ്‍ പ്രഖ്യാപിക്കും എന്നു മനസിലായതോടെ നേരേ കേരളത്തിലേക്ക്.
കുത്തിക്കുറിക്കും
ഞാൻ മറ്റൊരു ലോകത്തായിരുന്നു. ഇപ്പോൾ ചിറകുകൾക്ക് ബലമേറിയിട്ടുണ്ട്. കാലുകൾക്ക് ദൃഢതയും. യാത്രകൾ അവസാനിക്കുന്നില്ലല്ലോ. ലോകം മുഴുവൻ ചുറ്റിക്കാണണമെന്നതാണ് ഇനിയുള്ള ആഗ്രഹം. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടു വർഷം കൂടി കഴിയണം അത്തരം ഒരു യാത്രക്ക്. ഇതിനകം മൂന്നു പുസ്തകങ്ങൾ എഴുതി. പുണ്യഭൂവിന്റെ ഇടനാഴികൾ തേടി, ആകാശത്തിന്റെ ചിറകുകൾ, അശ്രദ്ധ എന്നീ മൂന്നു പുസ്തകങ്ങൾ. ഈ യാത്രയെ കുറിച്ചും എഴുതും. ചില പ്രസാധകർ ചോദിച്ചിട്ടുണ്ട്. മാത്രമല്ല, എന്റെ അനുഭവങ്ങൾ ആരെയെങ്കിലും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നുവെങ്കിൽ അതിൽ കൂടുതൽ എന്തു വേണം.
കടന്നുപോയ തീരങ്ങളിലും മരുഭൂമികളിലും എല്ലാ ദിവസത്തെയും സൂര്യോദയവും അസ്തമയവും കാണാൻ സാധിച്ചു. എന്റെ യാത്രയിലെ ഏറ്റവും മികച്ച കാഴ്ചകളായിരുന്നു അവ. അങ്ങനെ നോക്കുന്പോൾ എന്റെ യാത്ര പൂർണതയിൽ എത്തണമെങ്കിൽ കന്യാകുമാരിയിലെ സൂര്യോദയവും അസ്തമയവും കാണണം. ലോക്ഡൗണിലായതുകൊണ്ട് യാത്രയ്ക്ക് ചെറു ഇടവേള നൽകിയിരിക്കുകയാണ്. എല്ലാം പഴയനിലയിലായാൽ യാത്ര തുടരും. ഞാനൊരു യാത്രികയാണ്. അതിനപ്പുറത്തേക്ക് എനിക്ക് എന്നെ അടയാളപ്പെടുത്താനറിയില്ല.
നിധി പറയുന്നു: ചില സ്വപ്നങ്ങൾ നമ്മൾ മറന്നാലും ദൈവം മറക്കില്ല. നിനച്ചിരിക്കാതെ ഒരു നേരത്തു കൈ അങ്ങട് നീട്ടാൻ പറയും. നല്ല അടികിട്ടാൻ ആവുമെന്നോർത്ത് ഉള്ളു വേവുന്പോൾ, ദാ പകുതി ഉപേക്ഷിച്ചൊരു സ്വപ്നത്തിനു ചിറകുകളൊക്കെ തുന്നി വച്ച് മൂപ്പരങ്ങു പറയും ഇയ്യ് പറന്നോളാൻ. എന്നിട്ട് വേഗം വന്നു ബാക്കി പണിയൊക്കെ തീർക്കാൻ. എന്താല്ലേ മൂപ്പർടെ ഒരു കാര്യം. എത്ര ദേശങ്ങൾ കടന്നു പോയി. അന്നം തന്നവർ, അഭയം തന്നവർ, സ്നേഹം തന്നവർ. ജീവിതമേ, നന്ദിയല്ലാതെ ഞാൻ എന്താണ് പറയേണ്ടത്.
ജോണ്സണ് വേങ്ങത്തടം