ചാലക്കുടി: നിധിയുടെ പേരിൽ നാലു ലക്ഷം രൂപ തട്ടിയെടുത്ത് റെയിൽവേ പാലത്തിലൂടെ ഓടിരക്ഷപ്പെടുന്നതിനിടയിൽ ട്രെയിൻതട്ടി പരിക്കേറ്റ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവിനെകൂടി പോലീസ് അറസ്റ്റുചെയ്തു. അസം സ്വദേശി അബ്ദുൾ കലാമിനെ (26) ആണ് ഡിവൈഎസ്പി കെ. സുമേഷ്, സിഐ എം.കെ. സജീവൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
കൈക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാളെ പെരുമ്പാവൂരിലെ ആശുപത്രിയിൽനിന്നാണ് അറസ്റ്റ് ചെയ്ത് ചാലക്കുടി സ്റ്റേഷനിൽ കൊണ്ടുവന്നത്. കൂട്ടുപ്രതികളായ മൂന്നുപേരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
നാദാപുരം സ്വദേശികളായ രണ്ട് പേരിൽനിന്ന് വ്യാജ സ്വർണം നൽകി നാലുലക്ഷം രൂപ തട്ടിയെടുത്തശേഷം റെയിൽവേ പാലത്തിലൂടെ ഓടുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് പുഴയിലേക്ക് ചാടാൻ ശ്രമിക്കുമ്പോഴാണ് അബ്ദുൾ കലാമിന്റെ കൈയിൽ ട്രെയിൻ തട്ടിയത്.
പുഴയിൽ ചാടിയ മറ്റു മൂന്നുപേരും കൂടി ഇയാളെ ചുമന്ന് മുരിങ്ങൂരിൽ എത്തിക്കുകയും അവിടെനിന്ന് ഓട്ടോയിൽ കയറ്റി ആദ്യം കൊരട്ടിയിലും അവിടെനിന്ന് മറ്റൊരു ഓട്ടോയിൽ പെരുമ്പാവൂരിലെ ആശൂപത്രിയിലും എത്തിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ആശുപത്രിയിൽ കഴിയുന്ന അബ്ദുൾ കലാമിനെ കണ്ടെത്തുകയും കൂടെ ഉണ്ടായിരുന്നവരെ പിടികൂടുകയുമായിരുന്നു.