കുമ്പള: കണ്ണൂർ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിൽ മാസങ്ങൾക്കുമുമ്പ് തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി കുഴിക്കുന്നതിനിടയിൽ പുരാതനകാലത്തെ സ്വർണനാണയങ്ങൾ കണ്ടെത്തിയ സംഭവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സംരക്ഷിത സ്മാരകത്തിൽ കുഴിച്ചുനോക്കിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ.
കാസർഗോഡ് ജില്ലയിലെ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ് ലിംലീഗ് നേതാവുമായ മുജീബ് കമ്പാറിനെയും സംഘത്തെയുമാണു നാട്ടുകാർ തടഞ്ഞുവച്ച് കുമ്പള പോലീസിന് കൈമാറിയത്. സ്വന്തം പഞ്ചായത്തിൽ പുരാവസ്തുക്കളൊന്നും ഇല്ലാത്തതിനാൽ അയൽ പഞ്ചായത്തായ കുമ്പളയിലാണ് വൈസ് പ്രസിഡന്റ് നിധി തേടിപ്പോയത്.
പുരാവസ്തു വകുപ്പിനു കീഴിലുള്ള സംരക്ഷിത സ്മാരകമായ ആരിക്കാടി കോട്ടയിലെ കിണറിനുള്ളിലാണ് പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് കുഴിച്ചുനോക്കിയത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ കോട്ടയ്ക്കുള്ളിൽ കുഴിക്കുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് സംഘത്തെ പിടികൂടിയത്.
വെള്ളമില്ലാത്ത കിണറിനുള്ളിലായിരുന്നു ഇവർ കുഴിച്ചുനോക്കിയത്. സംഘം കൊണ്ടുവന്ന മൺവെട്ടികളും മറ്റുപകരണങ്ങളും കോട്ടയ്ക്കകത്തുണ്ടായിരുന്നു. മുജീബ് കമ്പാർ എന്ന കെ.എം. മുജീബ് റഹ്മാൻ (40), പാലക്കുന്ന് സ്വദേശി അജാസ് (26), മൊഗ്രാൽപുത്തൂർ സ്വദേശി കെ.എ. മുഹമ്മദ് ജാഫർ (40), മുളിയാർ സ്വദേശി മുഹമ്മദ് ഫിറോസ് (27), മടിക്കൈ സ്വദേശി എൻ.കെ.സഹദുദ്ദീൻ (26) എന്നിവരാണ് പിടിയിലായത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് നിധി കുഴിച്ചെടുക്കാൻ വന്നതെന്ന് മറ്റുള്ളവർ പറഞ്ഞു. കണ്ണൂർ ചെങ്ങളായിയിൽ ഉണ്ടായതുപോലെ പുരാതനകാലത്തെ സ്വർണനാണയങ്ങളും മറ്റും ആരിക്കാടി കോട്ടയിലും ഉണ്ടാകുമെന്നാണ് ഇവരോട് പറഞ്ഞിരുന്നത്.
നിധി കിട്ടുകയാണെങ്കിൽ എല്ലാവർക്കും തുല്യമായി വീതിച്ചെടുക്കാമെന്നും പറഞ്ഞിരുന്നു. മൂന്നുദിവസം മുമ്പ് സ്ഥലപരിശോധന നടത്താനായി സംഘം കോട്ടയ്ക്കകത്ത് എത്തിയിരുന്നതായും സൂചനയുണ്ട്.