മുറ്റിച്ചൂര്‍ നിധില്‍ വധക്കേസില്‍ പിടിയിലായ സനല്‍ രണ്ടു വര്‍ഷമായി നട്ടെല്ലിന് ഗുരുതരരോഗം ബാധിച്ച് ചികിത്സയിലുള്ളയാള്‍. നട്ടെല്ലിന് ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷം ഊന്നുവടിയുടെ സഹായത്തോടെ മാത്രമേ ഇയാള്‍ക്കു നടക്കാന്‍ സാധിക്കുകയുള്ളൂ. സനല്‍ ഉപയോഗിച്ചിരുന്ന ഊന്നുവടി പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് കണ്ടെത്തിയിരുന്നു.
ഇതാണ് പോലീസിന് തുമ്പായത്. വീട്ടുകാരില്‍ നിന്ന് അകന്നുകഴിയുന്ന ഇയാള്‍ ഇപ്പോള്‍ കൂട്ടുകാരുടെ സംരക്ഷണത്തിലാണ് കഴിഞ്ഞു വരുന്നത്. ചികിത്സാ ചെലവ് വഹിച്ചിരുന്നതും കൂട്ടുകാരാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സനല്‍. നിധിലിനെ വധിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈവിരലിന് പരിക്കേറ്റ് ചികിത്സ തേടിയെത്തിയപ്പോഴാണ് സനല്‍ പോലീസിന്റെ പിടിയിലാവുന്നത്. അക്രമത്തില്‍ പങ്കുണ്ടെന്ന് ഇയാള്‍ സമ്മതിച്ചെങ്കിലും കൂടെയുണ്ടായിരുന്നവര്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
കൈയില്‍ പരിക്കേറ്റ തന്നെ തൃശ്ശൂരിലെ ആശുപത്രിയിലാക്കിയശേഷം അവര്‍ എങ്ങോട്ടുപോയെന്ന് തനിക്കറിയില്ലെന്നും ഇയാള്‍ മൊഴി കൊടുത്തു. എന്നാല്‍ സനലിന്റെ മൊഴി പോലീസ് വിശ്വസിച്ചിരുന്നില്ല. സനലിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഒളിവില്‍ പോയവരെക്കുറിച്ച് വ്യക്തമായ ധാരണ പോലീസിന് കിട്ടിയിരുന്നു.
ഇരുസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നല്കുന്ന സൂചന. ഈ സംഘങ്ങള്‍ തമ്മില്‍ നിരന്തരം സംഘട്ടനം നടന്നിരുന്നു. നിധിലിന്റെ സഹോദരന് നിജിലിനെ സനല്‍ ഉള്‍പ്പെടെയുള്ളവര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതിനെത്തുടര്‍ന്ന് ഈ സംഘം തിരിച്ചും പലതവണ ആക്രമണം നടത്തിയിരുന്നു.
ഇരുകൂട്ടരുടെയും വീടുകള്‍ തകര്‍ത്തു. ഒരു വീടിനുനേരെ ബോംബേറും നടന്നു. ഈ ഏറ്റുമുട്ടലുകളില്‍ ഏറെയും വാഹനമിടിച്ചുവീഴ്ത്തിയാണ് എതിര്സംഘത്തിലുള്ളവരെ വെട്ടിപ്പരിക്കേല്പ്പിച്ചിരുന്നത്. നിധിലിനെ വധിച്ചതും ഇതേരീതിയിലായിരുന്നു.