തൃപ്പൂണിത്തുറ: ഉദയംപേരൂർ നടക്കാവിൽ ചിത്തിര വീട്ടിൽ നിധിൻ കുമാർ (42) ബന്ധുക്കളുടെ മർദ്ദനത്തെത്തുടർന്ന് മരിച്ച സംഭവത്തിന് വഴിവെച്ചത് മീൻ കറിവെയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ കലഹം.
സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള നിധിൻ കുമാർ സംഭവദിവസം ഉച്ചയോടെ നന്നായി മദ്യപിച്ച ശേഷം മീനുമായി വന്ന് കറി വയ്ക്കാനാവശ്യപ്പെട്ടു. അമിതമായി മദ്യപിച്ച് വന്ന ഭർത്താവിനെക്കണ്ട ദേഷ്യത്തിൽ ഭാര്യ രമ്യ കറി വയ്ക്കാൻ കൂട്ടാക്കിയില്ല. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കവും ബഹളവും അതിരുകടന്നു.
നിധിൻ ശാരീരികമായി കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ രമ്യ തന്റെ സഹോദരനെ വിളിച്ച് വരുത്തി സ്വന്തം വീട്ടിലേയ്ക്ക് പോകാൻ ശ്രമിച്ചു. എന്നാൽ സഹോദരിയുടെ ഫോൺ വിളിയെ തുടർന്ന് അളിയനോട് ചോദിക്കാനെത്തിയ സഹോദരൻ വിഷ്ണുവും ബന്ധു ശരതും നന്നായി മദ്യപിച്ചാണ് എത്തിയത്.
മദ്യലഹരിയിൽ ഇരുകൂട്ടരും ആദ്യം സന്ധി സംഭാഷണത്തിനാണ് മുതിർന്നതെങ്കിലും പിന്നീട് പ്രകോപിതരായി നിധിൻ കുമാറിനെ മർദ്ദിക്കുകയായിരുന്നു. വീട്ടിലിരുന്ന ചെടിച്ചട്ടിയെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു. മദ്യത്തിന്റെ ആലസ്യത്തിലായിരുന്ന നിധിൻ കുമാറിന് കാര്യമായി ചെറുത്ത് നിൽക്കാനായില്ല.
മദ്യപിച്ച് വീണു കിടക്കുന്ന അവസ്ഥയായതുകൊണ്ടു തന്നെ കാര്യമായി ഗൗനിക്കാതെ സഹോദരിയുമായി ഇരുവരും ചാലക്കുടിയിലെ വീട്ടിലേക്കു പോകുകയായിരുന്നു. പുലർച്ചെയായിട്ടും നിധിൻ എണീക്കാതിരുന്നത് കണ്ടപ്പോഴാണ് അമ്മ മുൻകൈയെടുത്ത് ആശുപത്രിയിലാക്കിയതും മരണപ്പെട്ടതും.
വിവരമറിഞ്ഞെത്തിയ പോലീസ് ശരീരത്തിലെ പരുക്കുകൾ കണ്ടപ്പോൾ തന്നെ ഭാര്യാ സഹോദരൻ ചാലക്കുടി മോതിരക്കണ്ണി കാഞ്ഞിരത്തുപറമ്പിൽ മോഹനന്റെ മകൻ വിഷ്ണുവിനെയും (26), ബന്ധു ചാലക്കുടി കാഞ്ഞിരത്തുപറമ്പിൽ രഞ്ജന്റെ മകൻ ശരത് മോനെയും ( 28) കസ്റ്റഡിയിലെടുക്കുകയായിരുന്നു.