ഗാന്ധിനഗർ: മക്കളെ കാത്തിരുന്ന മാതാപിതാക്കൾ കേട്ടത് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചുവെന്ന വിവരം. ആശുപത്രിയിൽ എത്തിയ പിതാവിന്റെ കരച്ചിൽ അടുത്ത നിന്നവരുടെയും കണ്ണിൽ ഈറനണിയിച്ചു. മരിച്ച മറ്റൊരു യുവാവിന്റെ മാതാപിതാക്കൾകൂടി ആശുപത്രിയിൽ എത്തിയതോടെ കൂട്ടക്കരച്ചിലായി. ഇന്നലെ അർധ രാത്രിയിൽ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗം റെഡ് സോണിലായിരുന്നു സംഭവം.
കറുകച്ചാൽ ദൈവംപടിയിൽ ബൈക്കും സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കറുകച്ചാൽ പൂവത്തുംമൂട്ടിൽ താന്നിക്കൽ മധുവിന്റെ മൂത്തമകൻ നിഥിൻ (23) മരിക്കുകയും, ഇളയ മകൻ ജിതിൻ (18) പരിക്കേൽക്കുകയുംചെയ്തു. മക്കൾ രണ്ടു പേരും രാത്രി ഒൻപതിന് വീട്ടിലെത്തുമെന്ന് മാതാപിതാക്കളെ അറിയിച്ചിരുന്നു.
സമയം കഴിഞ്ഞിട്ടും മക്കളെ കാണാതിരുന്നതിനെ തുടർന്ന് മൊബൈൽ ഫോണിലേയ്ക്ക് വിളിച്ചെങ്കിലും ഫോണ് എടുത്തില്ല. ഇതിനിടയിൽ അപകട വിവരം ഇവരുടെ സുഹൃത്തുക്കൾ അറിഞ്ഞ് ആശുപത്രിയിലെത്തി മരണം ഉറപ്പായ ശേഷം നിഥിന്റെ രക്ഷിതാക്കളെ ആശുപത്രിയിൽ എത്തിക്കുകയായിരിന്നു.
അർധരാത്രിയോടെ അത്യാഹിത വിഭാഗത്തിലെ റെഡ് സോണിലെത്തി മരിച്ചു കിടക്കുന്ന നിഥിനെ കണ്ടപ്പോൾ നിയന്ത്രണം വിട്ട മാതാപിതാക്കൾ ഇവിടെ തളർന്നുവീഴുകയായിരിന്നു. വളരെ പ്രയാസപ്പെട്ടാണ്ട് ഇവരെ മുറിയുടെ പുറത്ത് എത്തിച്ചത്.
രോഗികളുടെ കൂട്ടിരിപ്പ്കാർ വിശമിക്കുന്ന കസേരകളിൽ ഇരുത്തുവാൻ നിഥിന്റെ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും അവിടെയിരിക്കാൻ തയ്യാറാകാതെ നിയന്ത്രണാധിനമായി കരയുകയായിരുന്നു. ഇതിനിടയിലാണ് ഈ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനായ ദൈവത്തുംപടി വത്തിക്കക്കുന്നേൽ ധനരാജിന്റെ ( 35 ) ബന്ധുക്കളും കൂടി എത്തിയപ്പോൾ ആശുപത്രി പരിസരം കൂട്ടക്കരച്ചിലായി.
നാട്ടുകാരും സുഹൃത്തുക്കളും വളരെ പ്രയാസപ്പെട്ടാണ് എല്ലാവരേയും നിയന്ത്രിച്ച് മടക്കി കൊണ്ടുപോയത്.