റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: കോവിഡ് വൈറസ് ബാധ മൂലം മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്കു തുണയാകുകയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന മനഃശാസ്ത്രജ്ഞൻ എ.എഫ്. നിതിൻ.
കോവിഡ് രോഗികൾക്കു മാത്രമല്ല, അവരുടെ ബന്ധുക്കൾക്കും ആത്മവിശ്വാസവും പ്രത്യാശയും പകർന്നു നൽകുകയാണ് ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ നിതിൻ.
2020 മാർച്ച് 17ന് ജനറൽ ആശുപത്രിയിൽ സേവനം ആരംഭിച്ച നിതിൻ തന്റെ സേവനപാതയിൽ ഇന്ന് 500 ദിനങ്ങൾ പിന്നിടുകയാണ്.
ഓണം, ക്രിസ്മസ് മറ്റ് അവധി ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങൾക്കൊപ്പം തന്റ വിവാഹനിശ്ചയ ദിനം പോലും നിതിൻ തന്റെ ജോലിയിൽ നിന്നും വിട്ടുനിന്നില്ല.
കോവിഡ് രോഗികളുടെ ഉത്കണ്ഠയും സമ്മർദവും ലഘൂകരിക്കുന്ന ജോലി അത്ര ചെറുതല്ല. പ്രതിഫലമില്ലാതെയാണ് ജോലി ചെയ്യുന്നത് എന്നതാണ് നിതിന്റെ ജോലിയുടെ മറ്റൊരു പ്രത്യേകത.
ജനറൽ ആശുപത്രിയിൽ നിതിൻ തന്റെ സേവനം ആരംഭിക്കുന്പോൾ കോവിഡ് രോഗികൾക്ക് ഒപി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സൊസൈറ്റി പേവാർഡിൽ സംശയാസ്പദമായ രോഗികളെ പ്രവേശിപ്പിക്കും. കോവിഡ് സ്ഥിരീകരിച്ചാൽ അവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യും.
കഴിഞ്ഞ വർഷം മേയ് അവസാനത്തോടെയാണ് കോവിഡ് പോസിറ്റീവ് രോഗികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തുടങ്ങിയത്.
പിന്നീട് കേസുകളുടെ എണ്ണം വർധിച്ചു. അതോടെ അത്യാഹിത വിഭാഗം അടക്കം അടച്ചു, ആശുപത്രി പൂർണമായും കോവിഡ് രോഗികൾക്കായി മാറ്റിവച്ചു.
കഴിഞ്ഞ മേയിൽ കോവിഡ് ഐസിയുവും ആരംഭിച്ചു. ഇക്കാലത്തെല്ലാം രോഗികൾക്ക് ആത്മവിശ്വാസം പകർന്നും സ്വാന്തനമേകിയും നിതിൻ ഉണ്ടായിരുന്നു.
ഇപ്പോൾ ഐസിയുവിൽ കഴിയുന്ന രോഗികളുടെ കാര്യത്തിലാണ് നിതിൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിന് അവർക്ക് മാനസിക പിന്തുണ വളരെ അത്യാവശ്യമാണെന്നു നിതിൻ പറയുന്നു.
ഐസിയു രോഗികൾക്ക് എല്ലാ ദിവസവും വ്യക്തിഗത കൗണ്‍സിലിംഗ് നൽകുന്നുണ്ട്. രോഗികൾ കുടുംബാംഗങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് തന്റെ ഫോണിൽ നിന്നും വിളിച്ചു സംസാരിക്കാനുള്ള അവസരവും നിതിൻ കൊടുക്കുന്നു.
കോവിഡുമായി ബന്ധപ്പെട്ട് രോഗികളുടെ പിരിമുറുക്കത്തെ രണ്ടായി വിഭജിക്കാമെന്നു നിതിൻ പറയുന്നു.
ആദ്യത്തെ വിഭാഗം അവർ ഉടൻ മരിക്കുമെന്നും സമൂഹം അവരെ ഒറ്റപ്പെടുത്തുമെന്നും അല്ലെങ്കിൽ പ്രിയപ്പെട്ട ആരെങ്കിലും കോവിഡ് മൂലം നഷ്ടപ്പെടുമെന്നും ചിന്തിക്കുന്നവരാണ്.
രണ്ടാമത്തെ വിഭാഗമാകട്ടെ അവരുടെ നിലനിൽപ്പിനായി ഇനി ജോലിചെയ്തു ജീവിക്കാൻ കഴിയില്ലെന്ന് കരുതുന്നവർ.
യഥാർഥ സാഹചര്യം അവരെ മനസിലാക്കിക്കുകയും അത് ഉൾകൊള്ളാൻ പ്രാപ്തരാക്കുകയും ചെയ്യുകയാണ് തന്റെ ജോലി.
കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച ഒരു രോഗിയെ കൗണ്‍സിലിംഗ് ചെയ്യുക എന്നത് തന്റെ സേവന പാതയിലെ ഏറ്റവും കഠിനമായ ജോലിയായിരുന്നുവെന്നു നിതിൻ ഓർമിക്കുന്നു.
മാതാപിതാക്കളുടെ മരണശേഷം ഈ രോഗിയുടെ സഹോദരൻ മാനസിക വിഭ്രാന്തിയിലായി. തുടർന്ന് വളരെ ശ്രദ്ധയോടെയാണ് ഈ രോഗിയെ കൈകാര്യം ചെയ്തത്.
പിന്നീട് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. അദ്ദേഹം ഇപ്പോൾ സാധാരണ ജീവിതം നയിക്കുന്നുവെന്നത് സന്തോഷം നൽകുന്നുവെന്നും നിതിൻ പറയുന്നു.
വ്യക്തിഗത കൗണ്‍സിലിംഗ്, ഗ്രൂപ്പ് തെറാപ്പി, റിലാക്സേഷൻ ടെക്നിക് എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലൂടെയാണ് കൗണ്‍സിലിംഗ് പ്രക്രിയ നടക്കുന്നത്.
വ്യക്തിഗത കൗണ്‍സിലിംഗിലൂടെ അവരെ യാഥാർഥ്യം മനസിലാക്കുന്നതിനും ഉത്കണ്ഠ, വിഷാദം മുതലായവ മാറ്റിയെടുക്കുന്നതിനും സഹായിക്കുന്നു.
സിവിൽ സർവീസ് പരിശീലനനത്തിനിടെ വെറുതെ ഒരു തമാശയ്ക്കാണ് നിതിൻ മനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്നത്. ഈ വിഷയത്തോടുള്ള താത്പര്യം പിന്നീട് ഇതിൽ തന്നെ തുടരുന്നതിനു നിതിനെ പ്രേരിപ്പിച്ചു.
ഇപ്പോൾ തത്ത്വശാസ്ത്രത്തിൽ രണ്ടാമത്തെ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നു.
നെയ്യാറ്റിൻകര പെരുംകടവിള സ്വദേശിയാണ് നിതിൻ. കെഎസ്ഇബിയിൽ നിന്നും ഓവർസീർ ആയി വിരമിച്ച എൻ. അസറിയാണ് പിതാവ്. അമ്മ എൻ.ഫമീല. കോഴിക്കോട് ലിസ ഹോസ്പിറ്റലിൽ ഡോക്ടർ ആയ ഡോ.എ.എഫ്. അനൂപ് സഹോദരനാണ്.