നവാസ് മേത്തർ
കോടിയേരി മലബാർ കാൻസർ സെന്ററിന് സമീപം ശ്രീവൽസത്തിൽ നിധിൽ വൽസൻ എന്ന യുവ ഐപിഎസുകാരൻ ജീവിതത്തിലേക്കു തിരിച്ചുവന്നത് ‘അയൺമാനാ’യി.
അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന കാൻസർ എന്ന അതിഥിയെ ഗോവ എസ്പിയായ ഈ ചെറുപ്പക്കാരൻ നേരിട്ടത് സമാനതകളില്ലാത്ത ചങ്കുറപ്പോടെയായിരുന്നു.
മരണത്തെ മുഖാമുഖം കണ്ട് കടന്നു പോയ ദിനങ്ങൾ. ഒരു നവംബറിൽ കടന്നുവന്ന കാൻസറിനെ അടുത്ത നവംബറാകുമ്പോഴേക്കും പടിക്ക് പുറത്താക്കാൻ നിധിൻ വൽസനു കഴിഞ്ഞു. അതും വീടിനു തൊട്ടടുത്തുള്ള സർക്കാർ സ്ഥാപനമായ മലബാർ കാൻസർ സെന്ററിലൂടെ.
ചികിത്സക്കുശേഷം സർവീസിൽ തിരിച്ചു കയറിയ നിധിൻ വൻസൻ എട്ട് മണിക്കൂറുകൊണ്ട് നടന്നു കയറിയത് അയൺമാൻ പദവിയിലേക്കായിരുന്നു. നിരന്തരമായ പരിശീലനത്തിലൂടെ ഗോവയിലെ ട്രയാത് ലണിൽ പങ്കെടുത്ത നിധിൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1450 പേരെ പിന്നിലാക്കിയാണ് അയൺമാൻ പദവി കരസ്ഥമാക്കിയത്.
മത്സരത്തിൽ എട്ട് മണിക്കൂർ കൊണ്ട് 1.9 കിലോമീറ്റർ കടൽ നീന്തി കടന്നു പിന്നെ 90 കിലോമീറ്റർ സൈക്കിളിംഗ് 21.1 കിലോമീറ്റർ ഓട്ടം ഇവ പൂർത്തിയാക്കി തിരിഞ്ഞു നോക്കുമ്പോൾ ദൈവം തന്നെ കാൻസർ രോഗിയാക്കിയതു തന്നെ അയൺമാൻ പദവിയിൽ എത്തിക്കാനാണോ എന്ന് സംശയിക്കുന്നതായി നിധിൻ വൽസൻ രാഷ്ട്രദീപികയോട് പറഞ്ഞു.
കാൻസർ രോഗിയായില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇത്തരം ഒരു മത്സരത്തിൽ താൻ പങ്കെടുക്കില്ലായിരുന്നു. പത്താം ക്ലാസുകാരുടെ റാങ്കുകളുടെ കാലഘട്ടത്തിൽ തലശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ആറാം റാങ്കുകാരനായിരുന്നു നിധിൻ.
പിന്നെ തൃശൂരിൽ പി.സി. തോമസ് സാറിന്റെ ശിക്ഷണത്തിലേക്ക്. തുടർന്ന് എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി മൾട്ടി നാഷണൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. വീണ്ടും സിവിൽ സർവീസിലേക്ക് 2012 ബാച്ച് ഐപിഎസ് ഓഫീസർ.
പകച്ചുപോയ ജീവിതത്തിൽനിന്ന്…
ആദ്യ പോസ്റ്റിംഗ് ഡൽഹിയിൽ, പിന്നെ ലക്ഷദ്വീപ്, തുടർന്ന് ഗോവയിലേക്ക്. ഗോവയിൽ എസ്പിയായിരിക്കെയാണ് 2020 നവംബറിൽ ആദ്യമായി കഴുത്തിന് വേദന വരുന്നത്.
പിന്നീടത് ദേഹമാസകലമായി. പരിശോധനകൾ പലതും നടന്നു. ആർത്രറ്റീസ് ആണെന്നായിരുന്നു ആദ്യ നിഗമനം. എല്ലാ പരിശോധനകളും പൂർത്തിയായി.
അസുഖം ഒന്നുമില്ലെന്ന് ഡോക്ടർമാർ വിധി എഴുതി, ഇതു മാനവികം തന്നെ. അങ്ങനെ മനോരോഗ വിദഗ്ധർ ചികിത്സ ആരംഭിച്ചു. നിധിന്റെ ശരീരം മെലിഞ്ഞുണങ്ങി.
ഇതിനിടയിലാണ് പഴയ കാല സുഹൃത്തുക്കൾ ചേർന്ന് വിദഗ്ധ പരിശോധനകൾക്ക് വീണ്ടും ഇറങ്ങി പുറപ്പെട്ടു. ഒടുവിൽ കണ്ണൂരിൽ നടത്തിയ എംആർഎ പരിശോധനയിൽ കഴുത്തിൽ ഒരു മുഴ കണ്ടെത്തി.
അങ്ങനെ ബയോപ്സിയിലൂടെ കാൻസർ സ്ഥിരീകരിച്ചു. കാൻസർ. ലിംഫ് നോഡ്സിനെ ബാധിക്കുന്ന നോൺ ഹോഡ്ജ്കിൻ ലിംഫോമ.
കൂടുതൽ അന്വേഷണത്തിൽ ഡൽഹി എയിംസിൽനിന്ന് ഉപദേശമെത്തി. ഡോ. ചന്ദ്രൻ നായർ കേരളത്തിലുണ്ട്..അദ്ദേഹത്തെ കാണുക. നോക്കുമ്പോൾ വീടിന് വിളിപ്പാടകലെ എംസിസിയിൽ ചന്ദ്രൻ നായരുണ്ട്.
അങ്ങനെ എംസിസിയിലേക്ക്. ചിരിക്കാൻ പോലും പിശുക്ക് കാണിക്കുന്ന കർക്കശക്കാരനായ എംസിസി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യത്തിന്റെയും ചന്ദ്രൻ നായരുടെയും നേതൃത്വത്തിൽ ചികിത്സ തുടങ്ങി.
ഫിനിക്സ് പക്ഷിയെപോലെ…
ചികിത്സക്കിടയിലാണ് തന്റെ ഒരധ്യാപകൻ ഇതേ അസുഖത്തെ തുടർന്ന് മരിച്ച വാർത്ത വാട്സാപ്പ് ഗ്രൂപ്പിൽ കണ്ടത്. അറിയാതെ തന്നെ തനിക്കും ഇതേ അസുഖമാണെന്ന് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
പിന്നെ സഹപാഠികളിൽനിന്നു ലഭിച്ച പിന്തുണ മറക്കാനാവില്ല. ഇതിനിടയിൽ രണ്ട് തവണ കോവിഡും വന്നു. ചികിത്സക്കിടയിൽ അറബി ഭാഷയും പഠിച്ചു.
ഒത്തിരി വായിച്ചു, ദൈവവുമായി കൂടുതൽ അടുത്തു. ലക്ഷദ്വീപിലുള്ള ഫാത്തിമ എന്ന സുഹൃത്താണ് അറബി ഭാഷ പഠിക്കാൻ തന്നെ സഹായിച്ചതെന്ന് നിധിൻ വൽസൻ ഓർക്കുന്നു.
ഒടുവിൽ 2021 നവംബറിൽ കാൻസറിനെ പടിക്കു പുറത്താക്കി നിധിൻ വാതിലടച്ചു. കാൻസർ ജീവിതത്തിന്റെ അവസാനമല്ല. മരിക്കുക അല്ലെങ്കിൽ ജീവിക്കുക.
ഇത് രണ്ടിനും ഇടയിൽ ജീവിക്കുക എന്നത് തന്നെയാണ് അവസാന വാക്ക്. അതും പൊരുതി നേടുക. മനക്കരുത്തും കൃത്യമായ ചികിത്സയും ഉണ്ടെങ്കിൽ കാൻസറിനെ നമുക്ക് തുരത്താമെന്ന് നിധിൻ പറയുന്നു.