നാനൂറു വർഷം നീണ്ടുനിന്ന നിഗൂഢതയ്ക്കു കെവിൻ ഡ്യൂക്കറ്റ് എന്ന ചെറുപ്പക്കാരൻ അവസാനം കുറിച്ചിരിക്കുന്നു.
ഒരു നിധി തേടിയുള്ള അലച്ചിലിനൊടുവിൽ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ നാൽപ്പത്തിയൊൻപതുകാരൻ. സംഭവം നിസാരമല്ല.
നാലു നൂറ്റാണ്ട് മുന്പ് കാണാതായ ഹെൻറി എട്ടാമന്റെ കിരീടത്തിനു നടുവിലുള്ള കാണാതായ രൂപമാണ് നോർത്ത്ആംപ്റ്റണ്ഷെറിലെ ഒരു മരത്തിനടിയിൽനിന്നു കെവിനു ലഭിച്ചത്.
വിശുദ്ധ ഹെൻറിയുടെ രണ്ടര ഇഞ്ച് വലുപ്പമുള്ള രൂപമാണിതെന്നു കെവിൻ പറയുന്നു. പ്രാഥമികമായി രണ്ട് മില്ല്യണ് പൗണ്ട് വില കണക്കാക്കുന്ന രൂപം ബ്രിട്ടീഷ് മ്യൂസിയത്തിലേക്കു മാറ്റി.
അവിചാരിതമായാണ് രൂപം കണ്ടെത്തിയത്. തെരച്ചിലിനിടയിൽ കാലിൽ എന്തോ തടഞ്ഞതിനെത്തുടർന്നു കെവിൻ മരത്തിന്റെ പരിസരം പരിശോധിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.
ഇരുപതു മിനിറ്റോളം പരിശോധിച്ചു നിരാശനായ കെവിൻ മടങ്ങാനൊരുങ്ങുന്പോഴാണ് അയാളുടെ ഡിറ്റക്ടർ ശുഭവാർത്തയുടെ സൂചന നൽകിയത്. വസ്തുവിന്റെ ഭാരവും നിറവും കണ്ടപ്പോൾത്തന്നെ അതു സ്വർണമാണെന്നു മനസിലായെന്നും കെവിൻ പറയുന്നു.
കിരീടത്തിലെ രൂപം
1649ൽ ഒലിവർ ക്രോംവെൽ രാജവാഴ്ച അവസാനിപ്പിച്ച കാലത്താണ് കിരീടത്തിലെ രൂപം കാണാതായതെന്നു കരുതപ്പെടുന്നു. ഈ നഷ്ടപ്പെടലിനെ നല്ലതിനായി സംഭവിച്ചത് എന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.
കാരണം, പിന്നീടു ക്രോംവെല്ലിന്റെ ഉത്തരവുപ്രകാരം കിരീടം ഉരുക്കി നാണയങ്ങളാക്കി മാറ്റുകയായിരുന്നു. ഈ രൂപം നഷ്ടമായതിനാൽ അതിൽനിന്ന് ഒഴിവായി. കിരീടത്തിലുണ്ടായിരുന്ന 344 രത്നങ്ങൾ വിറ്റപ്പോഴും മറ്റു ഭാഗങ്ങൾ എവിടെയാണെന്നതിനെക്കുറിച്ചു പലരും ചിന്തിച്ചില്ല.
“വളരെ കാലങ്ങൾക്കു മുൻപേ ഹെൻറി എട്ടാമനെക്കുറിച്ചു ഞാൻ വായിച്ചിട്ടുണ്ട്. പരന്പരാഗതമായി കിരീടത്തിലുണ്ടായിരുന്ന രൂപങ്ങൾ മാറ്റി മൂന്നു വിശുദ്ധരുടെ രൂപം സ്ഥാപിച്ചത് അന്നേ മനസിൽ പതിഞ്ഞിരുന്നതാണ്.
സെന്റ് എഡ്മണ്ട്, എഡ്വേർഡ് ദി കണ്ഫെസർ, സെന്റ് ഹെൻറി VI എന്നിവരുടെ രൂപങ്ങളാണ് ഹെൻറി എട്ടാമൻ തന്റെ കിരീടത്തിൽ ചേർത്തിരുന്നത്. സെന്റ് ഹെൻറിയുടെ രൂപമാണ് പിന്നീടു കാണാതായത്.
ഇരുപതു വർഷം നീണ്ട കഠിന പ്രയത്നങ്ങൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ അമൂല്യവും ചരിത്ര പ്രാധാന്യവുമുള്ള ഒരു കണ്ടെത്തലിനു കാരണമാകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു – കെവിൻ പറഞ്ഞു.
ബ്രിട്ടീഷ് മ്യൂസിയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വിശദമായ പഠനത്തിനു ശേഷം സ്വതന്ത്ര ബോർഡ് വസ്തുവിന്റെ കൃത്യവില നിശ്ചയിക്കും.