തങ്ങളുടെ ജീവൻ അപകടത്തിലേക്കു നീങ്ങുകയാണെന്നു മനസിലാക്കിയ ആ രണ്ടു ജീവനക്കാർ രക്ഷപ്പെടാൻ ഒരു ശ്രമം നടത്താൻ തീരുമാനിച്ചു.
അവരും ചെറിയൊരു തോണി തട്ടിക്കൂട്ടി. ഇവരുടെ തോണി കടലിലൂടെ ആടിയുലഞ്ഞു നീങ്ങി. ഈ കടലിൽ തങ്ങൾ മരിച്ചുവീഴുമോയെന്ന ആശങ്കയിൽ മുന്നോട്ടു നീങ്ങവേ ഭാഗ്യം അവർക്കൊപ്പം നിന്നു.
അതുവഴി വന്ന മറ്റൊരു കപ്പൽ ഇവരെ രക്ഷപ്പെടുത്തി. രണ്ടു പേരിൽ ഒരാൾ മരണപ്പെട്ടിരുന്നു. ജയിംസ് ഹൈൻസ് എന്നായിരുന്നു രക്ഷപ്പെട്ടയാളുടെ പേര്.
ഇയാളുടെ വെളിപ്പെടുത്തൽ അനുസരിച്ചാണ് ദ്വീപിൽ വലിയൊരു നിധിശേഖരം കുഴിച്ചിട്ടുണ്ടെന്ന വിവരം പുറംലോകം അറിയുന്നത്. ഇതോടെ ഈ നിധിശേഖരം തേടി കുറേ സംഘങ്ങൾ ദ്വീപിലെത്തി.
തിരിച്ചുവരാതെ
പക്ഷേ, ഏറ്റവും കൗതുകകരമായ സംഭവം എന്താണെന്നുവച്ചാൽ, നിധി തേടി പോയവരാരും പിന്നീടു തങ്ങളുടെ സ്വന്തം ദേശത്തേക്കു തിരിച്ചെത്തിയിട്ടില്ല എന്നതാണ്.
അവർക്ക് എന്തുപറ്റിയെന്ന് ഒരു വിവരവുമില്ല. ആ നിധി ആരെങ്കിലും അവിടെനിന്നു മാറ്റിയോ അതോ അവിടെത്തന്നെ ഉണ്ടോ എന്നൊന്നും ഇന്നും ആർക്കും അറിയില്ല.
ഇതോടൊപ്പം നിധി ശേഖരം കൊള്ളയടിച്ചു ദ്വീപിൽ അകപ്പെട്ട് ഇവിടെനിന്നു ബോട്ടുകളിൽ രക്ഷപ്പെട്ട കടൽക്കൊള്ളക്കാരെക്കുറിച്ചും പിന്നീടു വിവരങ്ങളൊന്നും കേട്ടിട്ടില്ല.
അവർ രക്ഷപ്പെട്ടോ അതോ ദ്വീപിൽനിന്നു രക്ഷപ്പെട്ടുള്ള പോക്കിൽ മരിച്ചോ എന്നൊന്നും അറിയില്ല.
കൊല്ലപ്പെട്ടതെങ്ങനെ
1870ൽ ഏയ്ഞ്ചൽ എന്ന കപ്പൽ ഈ ദ്വീപിനു സമീപം അപകടത്തിൽപ്പെട്ടു. അതിലെ ജീവനക്കാർ എങ്ങനെയോ നീന്തി രക്ഷപ്പെട്ടു പാൽമിറ ദ്വീപിലെത്തി.
ജീവൻ രക്ഷപ്പെട്ട ആശ്വാസത്തിൽ ദ്വീപിൽ കഴിഞ്ഞ അവരെല്ലാവരെയും ക്രൂരമായി ആരോ കൊലപ്പെടുത്തിയ നിലയിലാണ് പിന്നീടു കണ്ടെത്തിയത്.
ഇപ്പോഴും ഈ കപ്പൽ ജീവനക്കാരെ കൊലപ്പെടുത്തിയത് ആരാണെന്ന് ആർക്കുമറിയില്ല. അതൊരു രഹസ്യമായി ഇന്നും അവശേഷിക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ ദ്വീപിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി കടുത്ത നിയമപോരാട്ടങ്ങൾ നടന്നു. അമേരിക്കൻ ഐക്യനാടുകൾക്ക് ഉടമസ്ഥാവകാശം നൽകുന്നതിനു മുമ്പ് ഈ ദ്വീപ് നിരവധി പേർ കൈവശപ്പെടുത്തിവച്ചിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധ സമയത്ത്, യുഎസ് നാവികസേന ഈ ദ്വീപ് കൈവശപ്പെടുത്തി.
ആ ദ്വീപിൽ നാവികസേനയ്ക്ക് ആവശ്യമായ നിർമാണ പ്രവർത്തനങ്ങളും അവർ നടത്തിയിരുന്നു. എങ്കിലും ഇന്നു പാൽമിറയ്ക്കു വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.
വിചിത്ര സംഭവങ്ങൾ
പാൽമിറയിൽ വിചിത്രവും വിവരണാതീതവുമായ നിരവധി സംഭവങ്ങൾ തുടർന്നു. ഒരു സംഭവത്തിൽ, ഒരു പട്രോളിംഗ് വിമാനം ദ്വീപിലൂടെ കടന്നുപോകുമ്പോൾ അക്ഷരാർത്ഥത്തിൽ ആകാശത്ത് നിന്ന് അതു താഴേക്ക് വീണു.
രക്ഷാപ്രവർത്തകർക്ക് വിമാനത്തിനെയോ വിമാനത്തിലുള്ളവരെയോ ഒന്നും വീണ്ടെടുക്കാനായില്ല.
അങ്ങനെയൊരു വിമാനാപകടം അവിടെ നടന്നുവെന്നത് സത്യം. പക്ഷേ ആ വിമാന അപകടത്തിന്റെ യാതൊരു ശേഷിപ്പും അവിടെ ഉണ്ടായിരുന്നില്ലായെന്നത് വേറൊരു കൗതുകം.
(തുടരും).
തയാറാക്കിയത് : നിയാസ് മുസ്തഫ