തലശേരി: നിധി കിട്ടിയതെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്വർണക്കട്ടികൾ നൽകി കാൽ കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
വയനാട് വൈത്തിരി മുട്ടിൽ പുതിയപുരയിൽ ഷാഹിദ് ഷുഹൈലിനെ (49) നെയാണ് ഡിവൈഎസ്പി കെ.വി. വേണുഗോപാൽ, ന്യൂമാഹി എസ്ഐ കെ. രാജേഷ്, എഎസ്ഐ അജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. കഴിഞ്ഞ ജൂൺ 20നാണ് കേസിനാസ്പദമായ സംഭവം.
പഴയങ്ങാടി മാട്ടൂൽ സ്വദേശി സയ്യിദ് ഹൗസിൽ ആറ്റക്കോയ തങ്ങളാണ് തട്ടിപ്പിനിരയായത്. ഷുഹൈൽ തനിക്ക് നിധിയായ ലഭിച്ച ഒരു കോടി രൂപയുടെ സ്വർണപ്പാളികൾ വീട്ടിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും ഇതിനു പരിഹാരം നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ആറ്റക്കോയ തങ്ങളെ ആദ്യം സമീപിച്ചത്.
തുടർന്ന് തന്ത്രപൂർവം ആറ്റക്കോയ തങ്ങൾക്കു തന്നെ വ്യാജ സ്വർണക്കട്ടി നൽകി 10 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. സമാനരീതിയിൽ പഴയങ്ങാടി സ്വദേശിയായ ഒരു അധ്യാപകനിൽനിന്ന് ആറു ലക്ഷവും മറ്റൊരാളിൽനിന്ന് പത്തുലക്ഷവും ഷുഹൈലിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുത്തതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ പുന്നോലിൽ വച്ചാണ് കാറിലെത്തിയ ഷുഹൈലും സംഘവും വ്യാജ സ്വർണക്കട്ടി ആറ്റുക്കോയ തങ്ങൾക്കു നൽകി പണം തട്ടിയെടുത്തത്. കേരളത്തിലുടനീളം ഈ സംഘം തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.