ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സാഹസികർ, പുരാവസ്തുഗവേഷകർ, ലിപി വിദഗ്ധർ എന്തിനേറെപ്പറയുന്നു സാക്ഷാൽ അമേരിക്കൻ ആർമി പോലും തോൽവി സമ്മതിച്ച ചരിത്രമാണ് ഈ നിധിശേഖരത്തിനുള്ളത്. പറഞ്ഞുവരുന്നത് ബെയ്ലിയുടെ നിധിശേഖരത്തെക്കുറിച്ചാണ്. 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോമസ് ജെ ബെയ്ലി ന്യൂമെക്സിക്കോ- കൊളറാഡോ അതിർത്തിയിൽനിന്നു കണ്ടെത്തിയതാണ് ഈ നിധിശേഖരം.
തുടർന്ന് അദ്ദേഹം തന്റെ ജന്മ സ്ഥലമായ വെർജീനിയിലേക്ക് ഈ നിധി ശേഖരം എത്തിക്കുകയായിരുന്നു. നിധി ലഭിച്ച വിവരം ആരെയുമറിയിക്കാതെ,അതീവ രഹസ്യമായാണ് അദ്ദേഹം നിധി സൂക്ഷിച്ചുവച്ചത്. അദ്ദേഹത്തിന്റെ മരണം വരെ ഇക്കാര്യം അരും അറിഞ്ഞതുമില്ല. എന്നാൽ ബെയ്ലി നേരത്തെ തയാറാക്കിവച്ചിരുന്ന വിൽപ്പത്രം അദ്ദേഹത്തിന്റെ മരണ ശേഷം പുറത്തായതോടെ നിധിയുടെ കാര്യം പുറം ലോകമറിഞ്ഞു.
താൻ കണ്ടെത്തിയ നിധി പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അതു കണ്ടെത്താൻ കഴിയുന്ന ആർക്കും നിധി അവകാശമാക്കാമെന്നുമാണ് വിൽപ്പത്രത്തിൽ എഴുതിയിരുന്നത്. നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ചു സൂചന നൽകുന്ന രഹസ്യ ഭാഷയിലുള്ള മൂന്നു കുറിപ്പും അദ്ദേഹം സൂക്ഷിച്ചിരുന്നു.
നിരവധി ഗണിത അക്കങ്ങളായിരുന്നു ഈ മൂന്നു കുറിപ്പിലുണ്ടായിരുന്നത്. ഒരോ അക്കങ്ങളും ഏതോ അക്ഷരത്തെ സൂചിപ്പിക്കുന്നു. എന്നാൽ, അക്കങ്ങളിൽനിന്ന് അക്ഷരം കണ്ടെത്താനുള്ള സൂചിക(താക്കോൽ) നൽകിയിരുന്നില്ല.
കുറിപ്പിലെ രഹസ്യഭാഷ കണ്ടെത്താൻ നൂറ്റാണ്ടുകളായി പലരും ശ്രമിക്കുന്നു. എന്നാൽ ഇതുവരെ ആർക്കും അതിനു സാധിചിട്ടില്ല. അമേരിക്കൻ, മെക്സിക്കൻ സർക്കാരും വർഷങ്ങൾക്കു മുന്പ് നിധി കണ്ടെത്താൻ ശ്രമിച്ചെങ്കിലും തോറ്റു പിൻവാങ്ങി. ഇതിനിടെ ബെയ്ലിയുടെ രണ്ടാമത്തെ കുറിപ്പ് ഭാഗികമായി അനാവരണം ചെയ്യാൻ അഞ്ജാതനായ ഒരു ലിപി വിദഗ്ദനു സാധിച്ചു.
ഇപ്പോഴത്തെ വെർജീനിയൻ സംസ്ഥാനത്ത് എവിടെയോ ആണ് നിധിയെന്നാണ് അദ്ദേഹം കണ്ടെത്തിയത്. എന്നാൽ ബാക്കി കുറിപ്പുകളിലെ രഹസ്യം അനാവരണം ചെയ്യാൻ അദ്ദേഹത്തിനായില്ല. ഇതിനേത്തുടർന്നു വെർജീനിയയുടെ പലഭാഗങ്ങളിലും ആളുകൾ കുഴിച്ചും പാറപൊട്ടിച്ചും ശവക്കല്ലറ കുത്തിത്തുറന്നുമൊക്കെ പരിശോധിച്ചെങ്കിലും നിധി പിടികൊടുത്തില്ല.
ഇപ്പോഴും ആളുകൾ അന്വേഷണം തുടരുന്നു. കൂടുതൽ ബുദ്ധിവൈഭവമുള്ളവരെ കാത്ത് ബെയ്ലിയുടെ നിധി ശേഖരം കാണാമറയത്തിരിക്കുകായാണിപ്പോഴും.