തളിപ്പറമ്പ്: നിഫ്റ്റിലെ വിദ്യാര്‍ഥിനി അത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമം 511, 306 വകുപ്പുകളാണ് അധ്യാപകന് ചെന്നൈ സ്വദേശി സെന്തില്‍കുമാര്‍ വെങ്കിടാചലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ 11 ന് ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് മൂന്നാം വര്‍ഷം ടെക്സ്റൈല്‍ ഡിസൈന്‍ വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് അമിതമായി ഗുളികകള്‍ കഴിച്ച് അവശനിലയില്‍ കണ്ടത്.
ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചതിനാലാണ് പെണ്‍കുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അധ്യാപകന്റെ മാനസികപീഡനം കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വിദ്യാര്‍ഥിനി പോലീസിന് മൊഴിനില്കിയിരുന്നു. ഇതുകൂടാതെ വിദ്യാർഥിനിയുടെ പിതാവ് രേഖാമൂലം പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
എന്നാല്‍ പോലീസ് കേസെടുക്കാതെ നടപടികള്‍ നീട്ടിക്കൊണ്ടുപോയത് സിപിഎമ്മിനെയും എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളെയും പ്രകോപിതരാക്കിയിരുന്നു. എസ്എഫ് ഐയും പട്ടികജാതി സംരക്ഷണ സമിതിയും നിഫ്റ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.
ഇന്ന് ജനാധിപത്യ മഹിളാ അസോസിയേഷനും ഇതേ ആവശ്യമുന്നയിച്ച് നിഫ്റ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകനെതിരെകേസെടുക്കുന്നത് സംബന്ധിച്ച് രണ്ടു ദിവസം മുമ്പ് പോലീസ് നിയമോപദേശം തേടിയിരുന്നു.
വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചതറിഞ്ഞ് ആരോപണ വിധേയനായ അധ്യാപകന് സെന്തില്‍കുമാര്‍ ഉടന്‍ നാട്ടിലേക്ക് പോയിരുന്നു. അദ്ദേഹം താമസിച്ചിരുന്ന കടമ്പേരി പീലേരിയിലെ വാടക ക്വാര്‍ട്ടേഴ്സിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ അജ്ഞാതസംഘം കഴിഞ്ഞദിവസം അടിച്ചുതകര്‍ത്തിരുന്നു.