തളിപ്പറമ്പ്: നിഫ്റ്റ് കാമ്പസില്‍ അക്രമം നടത്തി അഞ്ച് ലക്ഷം രൂപ നഷ്ടം വരുത്തിയതായ പരാതിയില്‍ പ്രതികളായ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെ തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.ജെ.വിനോയി അറസ്റ്റ് ചെയ്തു. മുന്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി മോറാഴയിലെ പ്രജീഷ്ബാബു(23), എരുവാട്ടിയിലെ എ.ദീപക്(21), നണിശേരിയിലെ നന്ദകിഷോര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 11 ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ധര്‍മശാല നിഫ്റ്റ് കാമ്പസിന് നേരെ അക്രമം നടന്നത്. അധ്യാപകന് മാനസികമായി പീഡിപ്പിച്ചതായി ആരോപിച്ച് വിദ്യാര്‍ഥിനി അത്മഹത്യക്ക് ശ്രമിച്ച സംഭവത്തെതുടര്‍ന്നായിരുന്നു പ്രതിഷേധത്തിനിടയില്‍ അക്രമം നടന്നത്.
അക്രമത്തില്‍ കണ്ടാലറിയാവുന്ന 35 പേര്‍ക്കെതിരെ നിഫ്റ്റ് ഡയറക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 148, 451, 427 റെഡ് വിത്ത്, 149 എന്നിവയും പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ സെക്ഷന്‍ മൂന്ന് (1) (എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ജനല്‍ ഗ്ലാസുകളും പ്രധാന കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ഗ്ലാസുകളും തകര്‍ത്തതായി പരാതിയില്‍ പറയുന്നു. ജാമ്യമില്ലാത്ത വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അധ്യാപകനെതിരെ ഇതുവരെ കേസെടുക്കാന്‍ പോലീസ് തയാറാകാത്തതിനെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐ നിഫ്റ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
അധ്യാപകനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ നിയമോപദേശം
തളിപ്പറമ്പ്: നിഫ്റ്റിലെ വിദ്യാര്‍ത്ഥിനി അത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തളിപ്പറമ്പ് പോലീസിന് നിയമോപദേശം ലഭിച്ചു. പ്രതിക്കെതിരെ ഇന്നു തന്നെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 11 ന് നടന്ന സംഭവത്തില്‍ പ്രതിക്കെതിരെ കേസെടുക്കുന്നതില്‍ പോലീസ് വൈമുഖ്യം കാട്ടിയത് കടുത്ത പ്രതിഷേധത്തിനും നിഫ്റ്റിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തുന്നതിലേക്കും എത്തിയിരുന്നു. അധ്യാപകനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് രാവിലെ പത്തരക്ക് സിപിഎം അനുകൂല സംഘടനയായ പട്ടികജാതി ക്ഷേമസമിതി-പികെഎസ്- നിഫ്റ്റിലേക്ക് മാര്‍ച്ച് നടത്തി.
ചെന്നൈ സ്വദേശിയായ അധ്യാപകന് സെന്തില്‍കുമാര്‍ വെങ്കിടാചലത്തിനെതിരെ മറ്റ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയിരുന്നു. അധ്യാപകന്റെ വാടക വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന് നേരെയും കഴിഞ്ഞ ദിവസം അക്രമം നടന്നിരുന്നു.