ലാഗോസ്: കിഴക്കൻ നൈജീരിയയിൽ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ ഒവേരി അതിരൂപത സഹായമെത്രാൻ മോസസ് ചിക്വെയെ കണ്ടെത്താനായി പ്രത്യേക സേനകളെ വിന്യസിച്ചു.
ഇമോ സംസ്ഥാന തലസ്ഥാനമായ ഒവേരിയിൽവച്ച് വെള്ളിയാഴ്ച രാത്രിയാണ് ഇദ്ദേഹത്തെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയത്.
മെത്രാനെ കണ്ടെത്താനായി ആന്റി കിഡ്നാപ്പിംഗ് യൂണിറ്റ്, ക്വിക്ക് ഇന്റർവെൻഷൻ ടീം എന്നീ പ്രത്യേക സേനകളെയാണ് പോലീസ് നിയോഗിച്ചിരിക്കുന്നത്.
59 വയസുള്ള ചിക്വെ 2019ലാണ് സഹായമെത്രാനായി നിയമിതനായത്. കാറിൽ വരുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. അദ്ദേഹത്തിന്റെ കാറും സ്ഥാനവസ്ത്രങ്ങളും മെത്രാസനപള്ളിക്കു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
നൈജീരിയയിലെ സുരക്ഷാസംവിധാനങ്ങൾ വളരെ മോശമാണെന്ന് ഒവേരി ആർച്ച്ബിഷപ് വിക്ടർ ഒബിന ആരോപിച്ചു. വേണ്ടസമയങ്ങളിൽ മുന്നറിയിപ്പു നല്കിയിട്ടും ജനങ്ങളുടെ സുരക്ഷയ്ക്കായി അധികൃതർ നടപടികൾ എടുക്കുന്നില്ല.
സഹായമത്രാനായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും പ്രാർഥനാ സന്ദേശങ്ങൾ ലഭിക്കുന്നതായി വത്തിക്കാൻ ന്യൂസിനു നല്കിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷങ്ങളിൽ നൈജീരിയയിൽ പുരോഹിതരും കന്യാസ്ത്രീകളും ആക്രമണത്തിനിരയാകുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്. മോചനദ്രവ്യം ലഭിക്കുമെന്നൂഹിച്ചാണ് തട്ടിക്കൊണ്ടുപോകലുകൾ.
ഇമോ സംസ്ഥാനത്തുതന്നെ ഡിസംബർ പതിനഞ്ചിന് വാലന്റൈൻ ഒലുചുക്കുവു എന്ന പുരോഹിതനെ തട്ടിക്കൊണ്ടുപോയിരുന്നു. പിറ്റേന്നു വിട്ടയച്ചു.