സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ നഗരത്തിലും വരുന്നൂ, നിശാ വാണിജ്യോത്സവം. ക്രിസ്മസ്, നവവൽസര സീസണായ ഡിസംബർ 15 മുതൽ ജനുവരി 15 വരെ ഒരു മാസമാണ് നൈറ്റ് ഷോപ്പിംഗ് കാർണിവൽ ഒരുക്കുന്നത്. തൃശൂർ ചേംബർ ഓഫ് കോമേഴ്സിന്റേയും തൃശൂരിലെ വ്യാപാരി വ്യവസായി സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് രാത്രി 11 വരെയും കടകൾ തുറന്നുവച്ച് വ്യാപാരം നടത്താനുള്ള പദ്ധതി ഒരുക്കുന്നത്.
നഗരത്തിലും നഗരത്തിന്റെ പ്രധാന വാണിജ്യ കവാടങ്ങളായ കിഴക്കേകോട്ട, പടിഞ്ഞാറേകോട്ട, പൂങ്കുന്നം, ശക്തൻ മാർക്കറ്റ്, കൊക്കാലെ, വഞ്ചിക്കുളം, പാട്ടുരായ്ക്കൽ എന്നിവിടങ്ങൾവരെയുമാണ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ. ഈ ദിവസങ്ങളിൽ കടകളും പരിസരങ്ങളും കൂടുതൽ ശുചിയാക്കിയും അലങ്കരിച്ചും മനോഹരമാക്കും. ദീപാലങ്കാരങ്ങളും ഉണ്ടാകും. റോഡുകളിൽ ഉപഭോക്താക്കളെ വരവേൽക്കുന്ന കമാനങ്ങൾ ഉയർത്തും. ഉപഭോക്താക്കൾക്കായി വിവിധയിനം മത്സരങ്ങളും സമ്മാനപദ്ധതികളും നടപ്പാക്കും.
ചിത്രരചന, കഥ, കവിത, സംഗീതം, നൃത്തം, ഷൗട്ടൗട്ട് തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങൾ ഒരുക്കും. റോഡ് ഷോയും മോട്ടോർ ഷോയും ഉണ്ടാകും. ഗിഫ്റ്റ് വൗച്ചറുകൾ പ്രോത്സാഹിപ്പിക്കും. സൗജന്യ വാഹന പാർക്കിംഗ് സൗകര്യം ഉണ്ടാകും. വിവിധ രുചിഭേദങ്ങളുമായി ഹോട്ടലുകളും തുറന്നുപ്രവർത്തിക്കും. ഇതിനൊക്കെ പുറമേ, ക്രിസ്മസ്- നവവത്സര സീസണിലേക്കായി ആദായ വില്പനകൾ ഒരുക്കാനും പരിപാടിയുണ്ട്.
മെട്രോ നഗരങ്ങളിൽ മാത്രമുള്ള നൈറ്റ് ഷോപ്പിംഗ് സംസ്കാരം ഈ സീസണിൽ തൃശൂരിൽ ഉത്സവാന്തരീക്ഷം ഒരുക്കുമെന്നാണു വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. വന്പൻ കോർപറേറ്റുകളും ഓണ്ലൈൻ വ്യാപാരമേഖലയും വിപണിയെ പിടിച്ചടക്കിയിരിക്കേയാണ് ഉത്സവാഘോഷം ഒരുക്കി ഉപഭോക്താക്കളെ ആകർഷിച്ച് വ്യാപാരം മെച്ചപ്പെടുത്താനുള്ള ശ്രമം. വ്യാപാരമാന്ദ്യവും പ്രതിസന്ധിയും മറികടക്കാൻ വ്യാപാരികൾ ഒറ്റക്കെട്ടായാണ് ഈ ഉദ്യമം ആസൂത്രണം ചെയ്തിരിക്കുന്നത്.
വിവിധ സർക്കാർ ഡിപ്പാർട്ടുമെന്റുകളും ട്രേഡ് യൂണിയനുകളും ഈ യത്നവുമായി കൈകോർക്കുന്നുണ്ട്. ഇന്നലെ ഇതിനായി വിളിച്ചുകൂട്ടിയ യോഗത്തിൽ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.ആർ. വിജയകുമാർ, സെക്രട്ടറി എം.ആർ. ഫ്രാൻസിസ്, ട്രഷറർ ടി.എ. ശ്രീകാന്ത്, പി.കെ. സുബ്രഹ്മണ്യൻ, പി.കെ.എ. ജലീൽ, വർഗീസ് മാളിയേക്കൽ, എൻ.ഡി. ആൽഫ്രഡ് തുടങ്ങിയവർ പ്രസംഗിച്ചു.