ലിമ: പെറുവിൽ അനധികൃത നൈറ്റ്ക്ലബ് പാർട്ടിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പതിമൂന്ന് പേർ മരിച്ചു. ശനിയാഴ്ച രാത്രി പോലീസ് റെയ്ഡ് നടത്തുന്നതിനിടയിലാണ് ആളുകൾ പരിഭ്രാന്തരായി ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ദുരന്തം സംഭവിച്ചത്.
ലൈമയുടെ വടക്ക് ഭാഗത്തുള്ള ലോസ് ഒലിവോസിലെ തോമസ് റെസ്റ്റോബാർ നൈറ്റ് ക്ലബിൽ ഏകദേശം 120 പേർ ഉണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് അനധികൃതമായി ക്ലബ്ബിൽ ആൾക്കൂട്ടം ഉള്ളത് അയൽക്കാർ പോലീസിനെ അറിയിച്ചിരുന്നു.
പാർട്ടിയിൽ പങ്കെടുത്തവർ ഒരൊറ്റ വാതിലിലൂടെ രക്ഷപ്പെടാൻ ഓടിയതാണ് അപകടത്തിന് കാരണമെന്ന് പെറു ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.അകത്ത് കുടുങ്ങിയ ആളുകളെ സഹായിക്കാൻ ശ്രമിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് 23 പേരെങ്കിലും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.