ഇന്നത്തെ കാലത്ത് സ്ത്രീകൾ എവിടെയും സുരക്ഷിതരല്ല. ലോകത്ത് എല്ലായിടത്തും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്. എന്നാൽ ഈ അവസ്ഥയിൽ ചൈനയിലെ ഒരു ക്ലബ് കൊണ്ടുവന്ന പുതിയ പരിഷ്കാരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇവിടെയെത്തുന്ന പുരുഷന്മാർ ക്ലബിൽ പ്രവേശിക്കുന്നതിന് മുൻപ് സ്ത്രീകളെ ഉപദ്രവിക്കില്ലെന്ന് എഴുതി ഒപ്പിട്ടു നൽകണമെന്നതാണ് വ്യവസ്ഥ. ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഡാർക്ക് പാലസാണ് സ്ത്രീ സംരക്ഷണത്തിന് വേണ്ടി ഇത്തരത്തിൽ ഒരു കരാർ ഒപ്പിടീക്കുന്നത്. വീചാറ്റിലൂടെയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്.
അനാവശ്യമായ നിയന്ത്രണങ്ങൾ ക്ലബിലെത്തുന്നവർക്കുമേൽ ഏർപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഇവിടെയെത്തുന്ന സ്ത്രീകളിൽ ചിലർക്കു നേരെ അതിക്രമങ്ങൾ നടന്നിട്ടുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു കാര്യം നടപ്പിലാക്കുന്നതെന്നും ക്ലബ് വ്യക്തമാക്കി.
ഒരു സ്ത്രീക്ക് നേരെ അടുത്തിടെ ഇതുപോലെ അതിക്രമമുണ്ടായി. ആ സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത് വിടാൻ ആഗ്രഹിക്കുന്നില്ല. ഇനി ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവാതിരിക്കാനാണ് നടപടിയെന്നും ക്ലബ് അറിയിച്ചു. ശാരീരികമായി സ്ത്രീകളെ അക്രമിക്കില്ലെന്ന് മാത്രമല്ല, സ്ത്രീകൾക്ക് നേരെ വാക്കാലുള്ള അതിക്രമങ്ങളോ, അശ്ലീല കമന്റുകളോ ഒന്നും തന്നെ പ്രോത്സാഹിപ്പിക്കില്ല.
സ്ത്രീകളോട് ക്ലബിലെത്തുന്ന ഏതെങ്കിലും പുരുഷന്മാർ മോശമായി പെരുമാറിയാൽ എന്നേക്കുമായി ക്ലബ്ബിൽ നിന്ന് വിലക്കുകയും പോലീസിനെ വിളിക്കുകയും ചെയ്യുമെന്നും ക്ലബ് പറയുന്നുണ്ട്. ക്ലബിൽ സംഗീതമാസ്വദിക്കുന്ന, തുല്യതയിൽ വിശ്വസിക്കുന്ന എല്ലാവർക്കും വരാം. അല്ലാത്തവർ ആരും അങ്ങോട്ട് വരണമെന്നില്ല എന്നതാണ് ക്ലബിന്റെ നിലപാട്.
അതേസമയം, ഇത്തരത്തിൽ സ്ത്രീകളിൽ നിന്നും കരാർ ഒപ്പിട്ട് വാങ്ങണമെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ അഭിപ്രായപ്പെട്ടു. ക്ലബിന്റെ ഈ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ബഹുഭൂരിപക്ഷം ആളുകളും ഈ തീരുമാനത്തെ അഭിനന്ദിച്ചു.