കോഴിക്കോട്: സ്ത്രീ സുരക്ഷയ്ക്കായുള്ള വനിതാ ഹെല്പ്പ്ലൈന് സേനാംഗങ്ങളോട് രാത്രിയില്‍ പുറത്തിറങ്ങേണ്ടെന്ന് മേലധികാരിയുടെ നിര്‍ദേശം.
രാത്രിയില്‍ നഗരത്തില്‍ പട്രോളിംഗ് നടത്തികൊണ്ടിരിക്കുന്ന ഹെല്പ്പ്ലൈന് സംഘത്തെ മടക്കി അയച്ചുകൊണ്ടാണ് അസി.കമ്മീഷണര്‍ പുതിയ ഉത്തരവിട്ടത്. കോഴിക്കോട് സിറ്റി പോലീസില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് വിചിത്രമായ നിര്‍ദേശം വയര്‍ലെസ് വഴി എത്തിയത്.
“നിങ്ങള്‍ കുറച്ച് സ്ത്രീകളും ഡ്രൈവറും പുറത്തിറങ്ങിയിട്ട് എന്ത് ചെയ്യാനാണ്’ എന്നായിരുന്നു മേലധികാരിയുടെ വയര്‍ലെസ് വഴിയുള്ള ചോദ്യം. ഇതോടെ നഗരത്തില്‍ രാത്രിയില്‍ പട്രോളിംഗ് നടത്താറുള്ള വനിതാ പോലീസ് സംഘം നേരെ സ്റ്റേഷനിലേക്ക് തിരിച്ചുപോവുകയായിരുന്നു.
പോലീസില്‍ പുരുഷ സേനാംഗങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യത്തിലുള്ള വനിതാ പോലീസുകാരോടുള്ള അസി.കമ്മീഷണറുടെ സമീപനത്തിനെതിരേ സേനയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലാണ് മേലധികാരിയുടെ നിര്‍ദേശമെന്നാണ് സേനയില്‍ അഭിപ്രായമുയര്‍ന്നത്.
അതേസമയം സംഭവം സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎസ് റാങ്കിലുള്പ്പെടെ വനിതകളുടെ പ്രാതിനിധ്യം സംസ്ഥാന പോലീസില്‍ വര്‍ധിച്ചുവരികയാണ്. ക്രമസമാധാന രംഗത്തും കുറ്റാന്വേഷണത്തിലും വനിതാ പോലീസുദ്യോഗസ്ഥരുടെ പങ്ക് ഒഴിച്ചു കൂടാനാവാത്തതാണെന്ന് ഡിജിപി വരെ വ്യക്തമാക്കിയിട്ടുണ്ട്.
സേനയിലെ വിവേചനം ഒഴിവാക്കിക്കൊണ്ട് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ എന്നത് പോലും മാറ്റി സിവില്‍ പോലീസ് ഓഫീസര്‍ എന്നാക്കിയ കാലത്താണ് അസി.കമ്മീഷണറുടെ പുതിയ പരിഷ്കാരം. കണ്ട്രോള് റൂം വാഹനങ്ങള്‍ക്കും പോലീസ് സ്റ്റേഷനില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും പുറമേയാണ് വനിതാ ഹെല്പ്പ്ലൈനില് നിന്നുള്ള സംഘം രാത്രിയില്‍ പട്രോളിംഗ് നടത്താറുള്ളത്.
റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി, മൊഫ്യൂസില്‍ ബസ്റ്റാന്‍ഡ് തുടങ്ങി സ്ഥലങ്ങളിലെല്ലാം പട്രോളിംഗ് നടത്താറുള്ള സംഘം ഇവിടെ ഒറ്റപ്പെട്ട് കാണുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും തുണയാവാറുണ്ട്. രാത്രിയില്‍ ഏറെ വൈകിയും ഉറക്കമില്ലാതെയുമാണ് വനിതാ സേനാംഗങ്ങള്‍ പട്രോളിംഗ് നടത്തുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസമാണ് രാത്രി സിറ്റിയുടെ ചുമതല വഹിക്കുന്ന അസി.കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് പട്രോളിംഗ് സംഘത്തോട് പുറത്തിറങ്ങേണ്ടെന്ന വിചിത്രമായ നിര്‍ദേശം നല്‍കിയത്. വയര്‍ലസില്‍ അസി.കമ്മീഷണറുടെ നിര്‍ദേശം വന്നതിന് പിന്നാലെ പുരുഷസേനാംഗങ്ങളും അദ്ഭുതപ്പെട്ടു.
സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ വനിതാ ഹെല്പ്പ്ലൈന് ആരംഭിച്ചത്. സുഗമമായ രീതിയിലാണ് ഹെല്പ്പ്ലൈന് പ്രവര്‍ത്തനം. അതിനിടെയാണ് നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് അസി.കമ്മീഷണര്‍ പരാമര്‍ശം നടത്തിയത്.