തൃക്കരിപ്പൂർ: നീണ്ട ഇടവേളക്ക് ശേഷം രാത്രികാല ഫുട്ബോളിന് തൃക്കരിപ്പൂർ മിനി സ്റ്റേഡിയം ഒരുങ്ങി. കാൽപ്പന്തുകളിയെ എന്നും നെഞ്ചേറ്റുന്ന തൃക്കരിപ്പൂരിൽ 16 പ്രമുഖ സെവൻസ് ടീമുകളെ പങ്കെടുപ്പിച്ചു ബീരിച്ചേരി എഎഫ്സി സംഘടിപ്പിക്കുന്ന സെവൻസ് ടൂർണമെന്റിനാണ് നാളെ തുടക്കമാവുക. 4000 പേർക്കിരിക്കാവുന്ന ഗാലറി തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിൽ ഒരുങ്ങി.
ബീരിച്ചേരി അൽഹുദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പതിനെട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മലബാര് ഫുട്ബോള് അസോസിയേഷനുമായി സഹകരിച്ചാണ് മത്സരം. എല്ലാ ദിവസവും രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക.
ആദ്യ മത്സരത്തിൽ മുസാഫിർ എഫ്സി രാമന്തളി കാസർഗോഡ് മൊഗ്രാൽ ബ്രദേഴ്സുമായി ഏറ്റുമുട്ടും. ജേതാക്കൾക്ക് ഒരുലക്ഷം രൂപ പ്രൈസ്മണിയും വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക റോളിങ്ങ് ട്രോഫിയും വി.പി.പി. അബ്ദുൽഖാദർ സ്മാരക സ്ഥിരം ട്രോഫിയും സമ്മാനിക്കും. ഉദ്ഘാടന ചടങ്ങിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കർണാടകത്തിലെ കുടകിലുള്ള പാവപ്പെട്ട കുടുംബത്തിന് വീടൊരുക്കുന്ന ഫണ്ടിലേക്ക് ഒന്നേകാൽ ലക്ഷം രൂപ സംഭാവനയായി നൽകും. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന മത്സരം 27ന് സമാപിക്കും.
ടൂർണമെന്റിന്റെ വിളംബര ജാഥ ഇന്ന് വൈകുന്നേരം നാലിന് നടക്കും. ബീരിച്ചേരി റെയിൽവേ ഗേറ്റ് പരിസരത്ത് നിന്നും ആരംഭിച്ചു മിനിസ്റ്റേഡിയത്തിൽ സമാപിക്കും. പത്ര സമ്മേളനത്തിൽ ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ വി.പി.പി. ഷുഹൈബ്, യു.പി. ഫാസിൽ, യു.പി. ഷാജഹാൻ, മർസൂഖ് റഹ്മാൻ, കെ.പി. നസീർ, വി.പി.യു. മുഹമ്മദ്, എൻ. ഇസ്മായിൽ എന്നിവർ പങ്കെടുത്തു.