കണ്ണൂർ: കൗമാരക്കാരായ വിദ്യാർഥികളുടെ രാത്രികാല കറക്കം വർധിച്ചുവരുന്നതായി പോലീസ്. ഇന്നലെ രാത്രി നാല് ബൈക്കും ഒരു കാറുമടക്കം കറങ്ങുകയായിരുന്ന 12 ഓളം കൗമാരക്കാരെ ടൗൺ എസ്ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി പോലീസ് വാഹനപരിശോധന നടത്തുന്പോഴാണ് നിരവധി കൗമാരക്കാരെ പിടികൂടിയത്. ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് വിദ്യാർഥികളെ വിട്ടയച്ചത്. ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന ഉപാധികളോടെയാണ് വിട്ടയച്ചത്.
രക്ഷിതാക്കൾ അറിയാതെ രാത്രികാലങ്ങളിൽ വീട്ടിൽ നിന്ന് പുറത്തുചാടി നിരവധി കൗമാരക്കാർ അസമയങ്ങളിൽ കറങ്ങുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർ ബൈക്കിൽ ചീറിപ്പായുന്നത് അപകടങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്.
കണ്ണൂരിൽ പിടിയിലായ മയക്കുമരുന്ന് റാക്കറ്റിൽ നിന്നും ഇത്തരം രാത്രിസഞ്ചാരികളായ കൗമാരക്കാരെക്കുറിച്ചുള്ള വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് പോലീസ് കർശന നടപടിക്ക് ഒരുങ്ങിയത്.