കോട്ടയം: ഇരുട്ടു വീണാൽ കോട്ടയം നഗരത്തിലുടെ നടന്നു പോകാൻ പേടിക്കേണ്ട അവസ്ഥയാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഭിതിയോടെയാണ് സന്ധ്യകഴിഞ്ഞാൽ നഗരത്തിലുടെ സഞ്ചരിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗമായ തിരുനക്കരയും സമീപ പ്രദേശങ്ങളും സാമൂഹിക വിരുദ്ധർ താവളമാക്കിയിരിക്കുകയാണ്.
നാഗന്പടം സ്വകാര്യ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രദേശങ്ങളിൽ പിടിച്ചുപറിക്കാരും കഞ്ചാവ് മാഫിയയും വിഹരിക്കുകയാണ്. ഇന്നലെ രാത്രിയിൽ നാഗന്പടത്തു നിന്നും റെയിൽവേ സ്റ്റേഷനിലേക്കു പോയ നാലു തൊഴിലാളികളെ കുറച്ചു ചേർന്നു ആക്രമിക്കുകയും ഇവരുടെ പക്കലുണ്ടായിരുന്ന പണം പിടിച്ചുപറിക്കുകയും ചെയ്തിരുന്നു.
സന്ധ്യ മയങ്ങിയാൽ തിരുനക്കര മൈതാനം, ബസ് സ്റ്റാൻഡ്, അനശ്വര തിയറ്ററിനു സമീപം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അനാശാസ്യക്കാരുടെയും കഞ്ചാവ് മാഫിയ സംഘങ്ങളുടെയും താവളമാണ്. കുറച്ചു നാൾ മുന്പു വരെ പോലീസിന്റെ ശക്തമായ ഇടപെടലിലുടെ ഇത്തരം സംഘങ്ങളെ തുരത്താൻ കഴിഞ്ഞിരുന്നു.
എന്നാൽ ഏതാനും നാളുകൾ മുന്പാണു വീണ്ടും മാഫിയ സംഘങ്ങൾ ഇവിടെ എത്തി സജീ സം രാത്രി തിരുനക്കര മൈതാനത്ത് വച്ചു കഞ്ഞിക്കുഴി സ്വദേശി തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ കഴുത്തു മുറിക്കാൻ ശ്രമം നടത്തിയിരുന്നു. അനാശാസ്യത്തിനു ക്ഷണിച്ച യുവതി വിസമ്മതിച്ചതിലുള്ള വിരോധം തീർക്കാൻ ബ്ലേഡ് ഉപയോഗിച്ചു കഴുത്തുമുറിക്കുകയായിരുന്നു.
രാത്രി 11 കഴിഞ്ഞാൽ പിടിച്ചുപറിയും മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുമായി സ്ത്രീ വേഷം ധരിച്ചു തട്ടിപ്പ് നടത്തുന്ന സംഘങ്ങളും നഗരത്തിൽ കറങ്ങുകയാണ്. പകൽസമയത്ത് നഗരത്തിലെ ഒരു ലോഡ്ജിൽ തങ്ങുന്ന തട്ടിപ്പ് സംഘങ്ങൾ രാത്രി പത്തോടെയാണു നഗരത്തിലേക്ക് ഇറങ്ങുന്നത്. ഇവരുടെ സംഘത്തിൽ 30 പേർ ഉണ്ടെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.
രാത്രിയിൽ ഇവർ നഗരത്തിൽ അഴിഞ്ഞാടുകയാണെന്നാണ് പരാതി. ഇത്തരം തട്ടിപ്പ് നടത്തിയിരുന്ന മൂന്ന് പേരെ കഴിഞ്ഞ ദിവസം കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയിരുന്നു. എന്നാൽ 30അംഗ തട്ടിപ്പ് സംഘത്തിലെ ഒരാളെ പോലും പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. സാമൂഹിക വിരുദ്ധരെയും കഞ്ചാവ് മാഫിയയെയും പിടിച്ചുപറിക്കാരെയും അമർച്ച ചെയ്യാൻ രാത്രി പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരുനക്കര, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സെൻട്രൽ ജംഗ്ഷൻ, സ്റ്റാർ ജംഗ്ഷൻ, ശാസ്ത്രി റോഡ് എന്നിവിടങ്ങളിലെല്ലാം സാമൂഹിക വിരുദ്ധരുടെ ശല്യം ഏറിവരികയാണ്. രാത്രിയിൽ പട്രോളിംഗ് നടത്തുന്ന പോലീസ് സംഘങ്ങൾ വിവിധ ബസ് സ്റ്റോപ്പുകളിൽ എത്തി ബസ് കാത്തുനില്ക്കുന്നവരുടെ പേരും മേൽവിലാസവും രേഖപ്പെടുത്തി ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ളവ പരിശോധിച്ചശേഷം മടങ്ങുകയാണെന്നും പരാതിയുണ്ട്.
സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ നഗരത്തിലുടനീളം പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.