കോട്ടയം: കൂരിരുട്ടിൽ കോട്ടയം നഗരം. രാത്രിയായാൽ നഗരത്തിൽ വെളിച്ചം വ്യാപാര സ്ഥാപനങ്ങളുടെയും തട്ടുകടകളുടെയും മാത്രം. നഗരത്തിലെ റോഡുകളിൽ വഴിവിളക്കുകൾ കണ്ണടച്ചിരിക്കുകയാണ്.
കിഫ്ബിയുടെ നിലാവ് പദ്ധതി പ്രകാരം നഗരത്തിൽ എൽഇഡി ബൾബുകൾ സ്ഥാപിക്കുന്ന പദ്ധതി പാതി നിലച്ചിരിക്കുകയാണ്.
ബേക്കർ ജംഗ്ഷൻ, സ്റ്റാർ ജംഗ്ഷൻ, കെഎസ്ആർടിസി, നാഗന്പടം, പ്ലാന്‍േറഷൻ, കഞ്ഞിക്കുഴി, ശീമാട്ടി റൗണ്ടാന എന്നിവിടങ്ങളിലെല്ലാം കൂരിരുട്ടാണ്.
കൈയിൽ ടോർച്ചോ മെഴുകുതിരിയോ അല്ലെങ്കിൽ മൊബൈൽ വെളിച്ചമോ വേണം ഇവിടങ്ങളിലൂടെ യാത്ര ചെയ്യുവാൻ.
എംഎൽഎമാരുടെയും എംപിമാരുടെയും ഫണ്ടിൽനിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകളും മിഴിയടച്ചിരിക്കുകയാണ്.
ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധരും മദ്യപൻമാരും തെരുവുനായ്ക്കളുമാണ് ഇടം പിടിച്ചിരിക്കുന്നത്. രാത്രിയിൽ നഗരം ഇരുട്ടായതോടെ സ്ത്രീകളും കുട്ടികളും നഗരത്തിലൂടെ നടക്കാൻ മടിക്കുകയാണ്.
തെരുവുനായ്ക്കൾ ഇരുട്ടിന്റെ മറവിൽ യാത്രക്കാരുടെ മുന്‍പിലേക്ക് ചാടിവീഴുകയും അക്രമിക്കുകയുമാണ്. നാഗന്പടം റെയിൽവേ മേൽപാലത്തിൽ ഇതുവരെ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. ഇവിടെ കൂരിരുട്ടാണ്.
നഗരത്തിലെ ഇടറോഡുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഇടറോഡുകളിലുണ്ടായിരുന്ന ട്യൂബ് ലൈറ്റുകൾ തുരുന്പെടുത്തുനശിച്ചു. പലതും ഫ്യൂസായിപ്പോയി.
ഇതോടെ ഇടറോഡുകളിലൂടെയും കാൽനടയാത്രപോലും ദുസഹമായിരിക്കുകയാണ്.നഗരത്തെ പ്രകാശിതപൂരിതമാക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
നിലാവ് പദ്ധതി പ്രകാരം നഗരത്തിലെ പ്രധാന ജംഗ്ഷനുകളെയും റോഡുകളെയും പ്രകാശിതമാക്കാനുള്ള പദ്ധതി അടുത്ത കൗണ്‍സിൽ യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യുമെന്നും നടപ്പാക്കുമെന്നും ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.