സ്വന്തം ലേഖകൻ
തൃശൂർ: വനിതാദിനമായാലും സാധാരണദിവസമായാലും വനിതകൾക്ക് വഴിനടക്കാൻ വെളിച്ചമില്ലാത്ത സ്ഥിതിയാണ് തൃശൂർ ടൗണ്‍ഹാൾ പരിസരത്ത്.ചെന്പുക്കാവ് – ടൗണ്‍ഹാൾ – രാമനിലയം – റീജ്യണൽ തീയറ്റർ ഭാഗത്ത് സന്ധ്യമയങ്ങളിൽ ഒട്ടും വെളിച്ചമില്ലാത്ത സ്ഥിതിയാണ്. വൈകീട്ട് ഏഴുമണിയാകുന്നതോടെ ഈ പരിസരം മുഴുവൻ ഇരുട്ടിലാഴുന്നു.
വഴിനടക്കണമെങ്കിൽ കൈയിൽ ടോർച്ച് കരുതേണ്ട അവസ്ഥ. ഇതുവഴി ആളുകൾ നടന്നുപോകുന്നത് എതിർദിശയിൽ നിന്നും മറ്റും വരുന്ന വാഹനങ്ങളുടെ ലൈറ്റുകളുടെ പ്രകാശത്തിലാണ്. തൃശൂർ ടൗണ്‍ഹാളിലെ കെ.കരുണാകരന്റെ പ്രതിമയ്ക്ക് മുന്നിൽ നിന്നുള്ള പ്രകാശം മാത്രമാണ് പലപ്പോഴും ഇതുവഴി കടന്നുപോകുന്നവർക്ക് സഹായമാകുന്നത്.ടൗണ്‍ഹാളിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ സന്ധ്യയ്ക്ക് ബസ് കാത്തുനിൽക്കുന്ന നിരവധി സ്ത്രീകൾ ആശങ്കയോടും ഭയത്തോടുമാണ് ഇരുട്ടിൽ നിൽക്കുന്നത്.
പാലസ് റോഡിലെ വിവിധ ടെക്സ്റ്റൈൽ ഷോപ്പുകളിൽ നിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന നിരവധി സ്ത്രീകൾ ഈ ഭാഗത്ത് നിന്ന് ബസ് കയറാൻ ഇരുട്ടിലും കാത്തുനിൽക്കുന്ന കാഴ്ചയാണുള്ളത്. പോലീസ് പട്രോളിംഗും മറ്റുമുണ്ടെങ്കിലും സന്ധ്യമയങ്ങിയാൽ ഇതുവഴി സ്ത്രീകൾക്ക് വഴിനടക്കാൻ പേടിയാണ്.
രാമനിലയത്തിൽ നിന്നും റീജ്യണൽ തീയറ്റർ വരെയുള്ള ഭാഗത്ത് വൻമരങ്ങളുടെ നിഴൽ കൂടി വീഴുന്നതോടെ ഇരുട്ട് കട്ടപിടിച്ച പോലെയാണ്. പച്ചക്കറി – പഴം വിൽപനക്കാർ സ്റ്റേഡിയത്തിന് അടുത്തുള്ളതുകൊണ്ട് വെളിച്ചം ലഭിക്കും.വനിതാദിനം ആഘോഷിച്ചു കഴിയുന്പോൾ അധികാരികളുടെ ശ്രദ്ധ അണഞ്ഞു കിടക്കുന്ന ഈ ഭാഗത്തെ തെരുവുവിളക്കുകളിലേക്ക് തിരിയട്ടെ….