തിരുവനന്തപുരം: പബ്ബുകളും നൈറ്റ് ലൈഫ് കേന്ദ്രങ്ങളും തുടങ്ങാനുള്ള നീക്കം കേരളത്തിന് അപമാനമാണെന്ന് വി.എം. സുധീരൻ. നാടിനെ നശിപ്പിച്ചേ അടങ്ങൂ എന്ന പിടിവാശി ഒരു ജനാധിപത്യ ഭരണാധികാരിക്ക് തെല്ലും ഭൂഷണമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ സുധീരൻ ഓർമിപ്പിച്ചു.
സംസ്ഥാനത്ത് പബ്ബുകൾക്ക് പിന്നാലെ നൈറ്റ് ലൈഫ് കേന്ദ്രങ്ങളും തുടങ്ങുമെന്നും അതിനു പറ്റിയ സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്താൻ കളക്ടർമാർ ശ്രമം തുടങ്ങിയെന്നും പ്രതിവാര ടെലിവിഷൻ പരിപാടിയിലാണ് മുഖ്യമന്ത്രി അറിയിച്ചത്. നിയന്ത്രണമില്ലാത്ത മദ്യ വ്യാപനത്തിന്റെയും മയക്കുമരുന്ന് വിപണനത്തിന്റെ യും ഫലമായി സാമൂഹ്യ ദുരന്തത്തിന്റെ പാതയിലൂടെ മുന്നോട്ടു പോകുന്ന കേരളം ഇവ വരുന്നതോടെ സർവനാശത്തിലേക്കെത്തുമെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.