ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ നിർഭയ പദ്ധതിയിൽപ്പെടുത്തി ആലപ്പുഴ നഗരസഭ നിർമിച്ച രാത്രികാല വിശ്രമ സമുച്ചയം ഉദ്ഘാടനത്തിനുശേഷം ദീർഘനാളായി വിശ്രമത്തിൽ. ശവക്കോട്ടപാലത്തിന് പടിഞ്ഞാറ് വാടക്കനാലിന്റെ തീരത്ത് മൂന്നു നിലകളിലായി നിർമിച്ച വിശ്രമ സമുച്ചയം 2015 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ലോക ബാങ്കിന്റെ 45 ലക്ഷത്തിന്റെ സഹായത്തോടെ ഒന്പത് സെന്റിൽ മൂന്നു നിലകളിലായാണ് കെട്ടിടം നിർമിച്ചത്. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവർക്ക് രാത്രികാലങ്ങളിൽ കുറഞ്ഞചിലവിൽ താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെട്ടിടം നിർമിച്ചത്.
നഗരസഭയ്ക്ക് അധിക വരുമാനം കൂടി ലക്ഷ്യമിട്ട് നിർമിച്ച വിശ്രമ കേന്ദ്രത്തിന്റെ താഴത്തെ നിലയിലെ അഞ്ച് മുറികൾ വ്യാപാര ആവശ്യങ്ങൾക്കും മുകളിലെ നിലകളിലെ മുറികൾ വിശ്രമ കേന്ദ്രത്തിലെത്തുന്നവർക്കും എന്നതായിരുന്നു വിഭാവനം ചെയ്തിരുന്നത്.
എന്നാൽ താഴത്തെ നിലയിലെ മുറികൾ വാടകയ്ക്ക് പോകാതിരുന്നതോടെ വിശ്രമ കേന്ദ്രത്തിന്റെ പ്രവർത്തനമാരംഭിക്കുന്നത് അനന്തമായി നീളുകയായിരുന്നു. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് ഉദ്ഘാടനം ചെയ്ത വിശ്രമകേന്ദ്രം യുഡിഎഫ് ഭരണത്തിലെത്തി രണ്ട് വർഷം പിന്നിടുന്പോഴും പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
രാത്രികാല വിശ്രമ കേന്ദ്രത്തിന്റെ പ്രവർത്തനമാരംഭിക്കുന്നതിനെക്കുറിച്ച് നഗരസഭ അധികൃതരോട് അന്വേഷിച്ചാൽ ഉടൻ ആരംഭിക്കുമെന്ന മറുപടി ലഭിക്കുന്നുണ്ടെങ്കിലും വെള്ളാനകളുടെ നാടെന്ന ചലച്ചിത്രത്തിൽ പപ്പുവിന്റെ കഥാപാത്രം റോഡ് റോളർ നന്നാക്കുന്നതു ബന്ധപ്പെട്ട് പറയുന്ന മറുപടി പോലെയാണ് ഇതെന്നാണ് ജനങ്ങളുടെ നിലപാട്.ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനമാരംഭിക്കാത്ത ആലപ്പുഴ നഗരസഭാ വിശ്രമ കേന്ദ്രം.