നിങ്ങള്‍ സ്ഥിരമായി നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണോ ? എങ്കില്‍ ഇതുവായിക്കുക; നൈറ്റ് ഷിഫ്റ്റ് നിങ്ങളുടെ ആരോഗ്യം തകര്‍ക്കുന്നതെങ്ങനെയെന്നറിയാം…

സാങ്കേതിക വിദ്യ വികസിച്ചതോടെ സാധാരണമായതാണ് നൈറ്റ് ഷിഫ്റ്റ് സാധാരണമായത്. പണ്ടു കാലത്ത് ആതുരശുശ്രൂഷ മേഖലയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന നൈറ്റ് ഷിഫ്റ്റ് ഇന്ന് മിക്കവാറും എല്ലാ മേഖലകളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഐ.ടി, നേഴ്സിങ്, മാധ്യമപ്രവര്‍ത്തനം എന്നിങ്ങനെ നീളുകയാണ് രാത്രി ഷിഫ്റ്റ് ഏര്‍പ്പെടുത്തുന്ന തൊഴില്‍ മേഖലകള്‍. മാത്രവുമല്ല ഒരു കാലത്തു പുരുഷന്മാര്‍ മാത്രം ആയിരുന്നു രാത്രി ഷിഫ്റ്റില്‍ ഉണ്ടായിരുന്നത് എന്നാല്‍ ഇന്ന് ആ സ്ഥിതിയൊക്കെ മാറി. ഇന്ന് പുരുഷനോടൊപ്പം തന്നെ സ്ത്രീകളും ഈ രംഗത്തുണ്ട്.

എന്നാല്‍ വളരെയധികം അപകടം പതിയിരിക്കുന്ന ഒന്നാണ് ഈ രാത്രി ജോലിയെന്ന് പലര്‍ക്കും അറിഞ്ഞു കൂടാത്ത ഒരു വസ്തുതയാണ്. അത് നമ്മുടെ ആരോഗ്യത്തെയും കുടുംബ ഭദ്രതയേയും കുട്ടികളുടെ വളര്‍ച്ചയെയും ഒക്കെ സാരമായി ബാധിക്കുമെന്നതാണ് യാഥാര്‍ഥ്യം. ഉറക്കമില്ലായ്മ വരുത്തി വെക്കുന്ന പ്രശ്‌നങ്ങള്‍ വേറെയും. ഉറക്കത്തിലുണ്ടാകുന്ന ഈ സമയ വ്യത്യാസം നമ്മുടെ ജീനുകളെ ബാധിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. അതായത് രാത്രി ജോലിയോട് പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ക്ക് വിഷാദ രോഗം, ഉത്കണ്ഠ, മറ്റ് മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ പ്രകടമാകാന്‍ സാധ്യതയുണ്ട്. പകലിനേക്കാള്‍ ജോലി ചെയ്യാന്‍ സുഖം രാത്രിയാണ് എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും ഇത്തരക്കാര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. രാത്രി ജോലിക്കാര്‍ ഹൃദയ രോഗങ്ങള്‍ക്കും ദഹന പ്രശ്‌നങ്ങള്‍ക്കും പൊണ്ണത്തടിക്കും മാനസിക അസ്വസ്ഥതകള്‍ക്കും എളുപ്പം കീഴടങ്ങുന്നു. രാത്രി ഷിഫ്റ്റുകള്‍ സ്ഥിരമായി വരുന്നതും മാറിമാറി വരുന്നതും എന്നിങ്ങനെ രണ്ടായി തിരിക്കാം. ഇതില്‍ സ്ഥിരം ഷിഫ്റ്റും മാറി മാറി വരുന്നതും. ഇതില്‍ വില്ലനായി മാറുന്നത് മാറി മാറി വരുന്ന രാത്രി ഷിഫ്റ്റാണ്.

പകലത്തെ പ്രവര്‍ത്തികള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ കാരണം ശരീരം വിശ്രമമാവശ്യപ്പെടുമ്പോള്‍ ജോലി ചെയ്യുന്നവരാണ് രാത്രി ജീവനക്കാര്‍. അത് ശരീരത്തിന്റെ ജൈവ ഘടികാരത്തെ തകരാറിലാക്കുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഇതിനെ ഷിഫ്റ്റ് ലാഗ് എന്നാണ് പറയുന്നത്. അമേരിക്കയിലെ സര്‍ക്കാഡിയന്‍ ലേണിംഗ് സെന്റര്‍ നടത്തിയ പഠനത്തില്‍ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരില്‍ ക്ഷീണം, ഹൃദയ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലാണെന്നു തെളിഞ്ഞു. ശരീരത്തിന്റെ സ്വാഭാവികമായ ഉറക്കം എന്ന് പറയുന്നത് രാത്രിയിലാണ്. അതിനു പകരമായി പകല്‍ ഉറങ്ങാമെന്നു വെച്ചാലും അധിക നേരം ഉറങ്ങാന്‍ കഴിയില്ല എന്നതാണ് വാസ്തവം. ഇതിന്റെ ഫലമായി പേശികള്‍ക്ക് ബലക്ഷയം ഉണ്ടാവുകയും പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധ, വേഗത, ഏകാഗ്രത എന്നിവ കുറയുകയും ചെയ്യുന്നു. തന്‍മൂലം അപകടങ്ങളും തെറ്റുകളും ഒക്കെ ഉണ്ടാവുക സ്വാഭാവികമായി മാറും.

രാത്രി ജീവനക്കാരായ സ്ത്രീകളില്‍ ക്രമം തെറ്റിയുള്ള ആര്‍ത്തവം പതിവാണ്. ഉറക്കമില്ലായ്മ അമിതവണ്ണത്തിനും വഴിവെക്കുന്നു.ദഹന പ്രവര്‍ത്തനങ്ങളെയും വിശപ്പിനെയും നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനത്തെ ഉറക്കനഷ്ടം ബാധിക്കുന്നതാണ് അമിത വണ്ണത്തിന് കാരണമാകുന്നത്. പകല്‍ ജോലി ചെയ്യുന്നവരെ അപേക്ഷിച്ച നോക്കുമ്പോള്‍ രാത്രി ജോലിക്കാരില്‍ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളും ഹൃദയരോഗങ്ങളും കൂടുതലായി കണ്ടുവരാറുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുകയും രാത്രി നല്ല വെളിച്ചത്തിന് കീഴില്‍ ചെലവഴിക്കേണ്ടി വരുകയും ചെയ്യുന്നത് മെലാട്ടോണിന്‍ ഉല്‍പാദനം കുറയ്ക്കും. ഇത് രോഗപ്രതിരോധ ശേഷി കുറയാന്‍ കാരണമാകും. ചുരുക്കത്തില്‍ നൈറ്റ് ഷിഫ്റ്റ് ഒരു ഭീകരനാണെന്നര്‍ഥം.

Related posts