കോട്ടയം: സ്ത്രീകളുടെ രാത്രി നടത്തത്തിൽ പങ്കെടുത്ത സ്ത്രീകളെ കമന്റടിച്ചതായി പരാതി. ഇന്നലെ രാത്രി 11.30ന് ഗാന്ധിസ്ക്വയറിൽ നിന്നും കെകെ റോഡുവഴി നടന്ന സ്ത്രീകളെയാണ് അതുവഴിയെത്തിയ ഓട്ടോ ഡ്രൈവർ കമന്റടിച്ചത്. ഉടൻതന്നെ സ്ത്രീകൾ പ്രതികരിക്കാൻ തയാറായി. ഇതോടെ ഡ്രൈവർ അതിവേഗം ഓട്ടോ ഓടിച്ചു കടന്നുകളഞ്ഞു. ഓട്ടോയുടെ നന്പർ കുറിച്ചെടുക്കാൻ ഇവർക്കായില്ല.
കോട്ടയം നഗരസഭയിലെ വനിതാ കൗണ്സിലറോടും മറ്റൊരു വഴിയിൽ ഓട്ടോഡ്രൈവർ മോശമായി പെരുമാറിയെന്ന് പരാതിയുണ്ട്.കോട്ടയത്തെ രാത്രി നടത്ത വീഥികളിൽ പലയിടത്തും മദ്യപസംഘത്തിന്റെ ശല്യമുണ്ടായതായും പരാതിയുണ്ട്. ബൈക്കിലെത്തിയവരും മറ്റും സ്ത്രീകൾക്കു നേരേ മോശം കമന്റുകൾ നടത്തിയതായും പരാതിയുണ്ട്.
പോലീസിന്റെയും വാളണ്ടിയർ സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു രാത്രി നടത്തം.
കുമരകത്ത് സ്ത്രീകൾ പുതുവർഷ നടത്തത്തിന് ഇറങ്ങും
കോട്ടയം: പൊതു ഇടം എന്റേതും എന്ന പേരിൽ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സ്്ത്രീകളുടെ രാത്രി നടത്തത്തിന്റെ തുടർച്ചയായി നാളെ കുമരകം പഞ്ചായത്തിൽ സ്ത്രീകൾ രാത്രിയിൽ നടക്കും. കുമരകം പഞ്ചായത്തുമായി ചേർന്നാണ് രാത്രി നടത്തം സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഇതേ രീതിയിൽ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിക്കാനാണ് തീരുമാനം.
രാത്രി നടത്തത്തിന്റെ തുടർച്ചയായി മാർച്ച് എട്ട് വനിതാ ദിനത്തിൽ കോട്ടയം തിരുനക്കര മൈതാനത്ത് സ്ത്രീകളുടെ സംഗമം നടക്കും.രാവിലെ മുതൽ പിറ്റേ ദിവസം രാവിലെ വരെയായിരിക്കും സംഗമം. ഇതോടനുബന്ധിച്ച് സ്ത്രീകളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. പഞ്ചായത്തുകൾ തോറും നിർഭയ കർമസേനകൾ രൂപീകരിക്കാനും പദ്ധതിയുണ്ട്.