വൈപ്പിൻ: വൈപ്പിനിലെ രാത്രി നടത്തം പരിപാടിയെത്തുടർന്ന് ഉയർന്ന വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി സുനിൽ ഹരീന്ദ്രൻ. പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യമുയർത്തി 29ന് രാത്രി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത് ശിശുക്ഷേമ സമിതിയല്ല.
വനിത-ശിശുക്ഷേമ വകുപ്പാണ്. ഔദ്യോഗിക പോയിന്റ് അല്ലെങ്കിൽ കൂടിയും വൈപ്പിനിൽ ഗോശ്രീ കവലയിൽ എളങ്കുന്നപ്പുഴ പഞ്ചായത്ത് അപ്പക്സ് റസിഡൻസ് അസോസിയേഷൻ സ്വന്തം നിലയ്ക്ക് നടത്തം സംഘടിപ്പിക്കുകയും വൈപ്പിൻ കരയിൽ പോയിന്റ് അനുവദിക്കാത്തതിൽ പ്രതിഷേധം അറിയിക്കുകയും ചെയ്യുകയുണ്ടായി.
ഇതേത്തുടർന്ന് വനിതകളുടെ രാത്രി നടത്തം വൈപ്പിനിൽ ശിശുക്ഷേമ വകുപ്പിനോടുള്ള പ്രതിഷേധ നടത്തം എന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതിന്റെ വിശദീകരണമായിട്ടാണ് ശിശുക്ഷേമ സമിതി സെക്രട്ടറി പ്രതികരിച്ചത്. താൻ കൂടി സംബന്ധിച്ച പരിപാടിയിൽ വൈപ്പിൻ മേഖലയെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ടാണ് സംഘടാകർ നടത്തം ആരംഭിച്ചത്.
ഇതേത്തുടർന്ന് ഇനിയുള്ള പരിപാടികളിൽ വൈപ്പിൻകരയ്ക്കും പ്രാതിനിധ്യം നൽകുന്നകാര്യം പരിഗണിക്കേണ്ട വിഷയമാണെന്നും ഇതിനു മുൻകൈ എടുക്കേണ്ടത് വനിതാ-ശിശുക്ഷേമ വകുപ്പാണെന്നും ചടങ്ങിൽ സംബന്ധിച്ച താൻ സൂചിപ്പിക്കുകയും ചെയതെന്ന് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി വ്യക്തമാക്കി.