സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്നു മുതൽ. ജനുവരി രണ്ട് വരെ രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം.
പുതുവത്സര പരിപാടികൾക്കും സാമൂഹ്യ- രാഷ്ട്രീയ- മതപരമായ ആൾക്കൂട്ട പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ദേവാലയങ്ങളിലും കൂടിച്ചേരലുകൾ അനുവദിക്കില്ല. രാത്രി പത്ത് വരെ കടകൾക്ക് പ്രവർത്തിക്കാം. അനാവശ്യ യാത്രകൾ അനുവദിക്കില്ല.
രാത്രിയിൽ അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവരും യാത്രകൾ നടത്തുന്നവരും സ്വയം സാക്ഷ്യപത്രം കരുതണം.
വാഹനപരിശോധന ശക്തമാക്കും. തിയറ്ററുകളിലെ സെക്കൻഡ് ഷോകൾക്കും വിലക്കുണ്ട്. ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും.
ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിംഗ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും. രാത്രി പത്തിനു ശേഷം പുതുവത്സര ആഘോഷങ്ങളൊന്നും പാടില്ല.
പുതുവത്സരത്തോട് അനുബന്ധിച്ച് വലിയ ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കും.
കൂടുതൽ പൊലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി അണിനിരത്തും. കോവിഡ് വ്യാപനം പടരുന്ന സ്ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കാനും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
നൈറ്റ് കര്‍ഫ്യു: ശബരിമല, ശിവഗിരി തീര്‍ഥാടകരെ ഒഴിവാക്കി
രാത്രികാല കര്‍ഫ്യുവില്‍ നിന്ന് ശബരിമല, ശിവഗിരി തീര്‍ഥാടകരെ ഒഴിവാക്കിയതായി സർക്കാർ അറിയിച്ചു. പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കളക്ടര്‍മാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതേസമയം, പുതുവത്സരത്തോട് അനുബന്ധിച്ചുള്ള ദേവാലയങ്ങളിലെ തിരുകർമ്മങ്ങൾക്ക് ഇളവ് നൽകണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നെങ്കിലും സർക്കാർ അത് പരിഗണിച്ചിട്ടില്ല.