കോഴിക്കോട് : പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ വലയിലാക്കി വന്‍ കവര്‍ച്ച. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പോലീസ് കേസെടുക്കില്ലെന്നതിനാലാണ് കുട്ടികളെ ഉള്‍പ്പെടുത്തി കവര്‍ച്ചാ സംഘം “ഓപ്പറേഷന്’ നടത്തുന്നത്. “നൈറ്റ് ഔട്ട്’ എന്ന പേരിലാണ് രാത്രിയില്‍ കുട്ടികളുള്‍പ്പെടെയുള്ള സംഘം മോഷണത്തിനിറങ്ങുന്നത്.
ഒന്നരവര്‍ഷമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തുന്ന കുട്ടികള്ഉള്പ്പെട്ട സംഘത്തെ ഇന്നലെ പിടികൂടിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പോലീസ് അറിയുന്നത്.
കോഴിക്കോട് കക്കോടി മക്കട യോഗി മഠത്തില്‍ ജിഷ്ണു (18), മക്കട ബദിരൂര്‍ ചെമ്പോളി പറമ്പില്‍ ധ്രുവന് (19) എന്നിവരും കരുവിശ്ശേരി സ്വദേശികളായ രണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയുമാണ് സിറ്റി ക്രൈം സ്ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് നഗരത്തിലെയും മറ്റും 80 കവര്‍ച്ചാ കേസുകളിള്‍ പങ്കുള്ളതായി പ്രതികള്‍ സമ്മതിച്ചു.
കോഴിക്കടയിലെ കള്ളന്മാർ!
മോഷണം നടത്തുന്ന വാഹനങ്ങളുടെ ബോഡി പാട്സുകളും നമ്പര്‍ പ്ലേറ്റുകളും മാറ്റുകയും വര്‍ക്ക്ഷോപ്പുകളുടെ സമീപം നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചെടുത്ത് മോഷണ വാഹനങ്ങള്‍ക്ക് ഉപയോഗിച്ചുമാണ് നൈറ്റ് ഔട്ടിന് യുവാക്കള്‍ ഇറങ്ങുന്നത്.
പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അമിത വേഗതയിലോ ഇടവഴികളിലൂടെയോ കടന്നു കളയും. അല്ലെങ്കില്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടും. പോലീസ് വാഹനം പരിശോധിച്ച് ഉടമയെ വിളിക്കുമ്പോഴാണ് മോഷ്ടിച്ച വാഹനമാണെന്ന് അറിയുന്നത്. മോഷണം നടത്തിയ ബൈക്കുകള്‍ പിന്നീട് വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.
പ്രധാനമായും കോഴിക്കടകളിലാണ് ഇവര്‍ മോഷണം നടത്തുന്നത്. ഷോപ്പുകളുടെ പൂട്ടുകള്‍ പൊട്ടിച്ചെടുക്കാനുള്ള ആയുധങ്ങള്‍ വരെ ഇവരുടെ കൈവശം സ്ഥിരമായുണ്ടാവും. ഉപയോഗം കഴിഞ്ഞ് ആയുധങ്ങള്‍ ഉപേക്ഷിക്കും.
ജാമ്യത്തിലിറങ്ങി മോഷണം
ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇവരെ പിടികൂടിയിട്ടുണ്ടെങ്കിലും മോഷണ സംഘമാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് പിടികൂടി വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് കുറ്റസമ്മതം നടത്തിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എലത്തൂര്‍ പോലീസ് പിടിച്ച് റിമാന്‍ഡ് ചെയ്ത ജിഷ്ണു ജാമ്യത്തില്‍ ഇറങ്ങിയാണ് മോഷണം നടത്തിയത്.ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനും രക്ഷിതാക്കളില്‍ നിന്നും പണം ലഭിക്കാതെ വരുമ്പോഴാണ് രക്ഷിതാക്കള്‍ അറിയാതെ യുവാക്കള്‍ നൈറ്റ് ഔട്ട് നടത്തുന്നത്.
മക്കള്‍ എവിടെ പോകുന്നു എന്തെല്ലാം ചെയ്യുന്നു എന്നുള്ള കാര്യത്തില്‍ രക്ഷിതാക്കള്‍ സദാ ജാഗ്രതപാലിക്കണം.ലഹരി ഉപയോഗവും മോഷണ പശ്ചാത്തലവുമുള്ള കുട്ടികളെ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും പെട്ടെന്ന് പോലീസില്‍ (സിറ്റി ക്രൈം സ്ക്വാഡ്) അറിയിക്കേണ്ടതാണെന്നും കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നില്‍ മഹാജന് പറഞ്ഞു.
അന്വേഷണ സംഘത്തില്‍ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹന്‍ദാസ്, എം.ഷാലു, ഹാദില്‍ കുന്നുമ്മല്‍ , പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സഹീര്‍ പെരുമ്മണ്ണ, എ.വി.സുമേഷ്, ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ അനീഷ്, സീനിയര്‍ സിപിഒമാരായ റിജേഷ് പ്രമോദ്, രാജീവ് കുമാര്‍ പാലത്ത് , സിപിഒ പ്രസീദ്, ശ്രീരാഗ് എന്നിവരാണ് ഉണ്ടായിരുന്നത്. കോവിഡ് പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു .